‘സൗകര്യങ്ങൾ ശരിയല്ലെങ്കിൽ പ്രമുഖ താരങ്ങളില്ല’; ഏഷ്യൻ ഗെയിംസിൽ ബി ടീമുമായി ഇന്ത്യ
മുംബൈ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്കുള്ള സൗകര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രമുഖ താരങ്ങൾക്ക് പകരം രണ്ടാംനിര ടീമിനെ അയക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.
സെപ്റ്റംബർ 19ന് ഐച്ചി–നാഗോയ ഏഷ്യൻ ഗെയിംസിന് തുടക്കമാകും. വനിതാ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും പുരുഷ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയുമാണ് നടക്കുക. മത്സരവേദിയിലെയും താരങ്ങളുടെ താമസസ്ഥലത്തെയും സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ബിസിസിഐ ഉടൻ ഒരു നിരീക്ഷകനെ ജപ്പാനിലേക്ക് അയക്കും. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ടീമിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
ഡ്രസ്സിങ് റൂമുകൾ ടെന്റുകളിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നാണ് ബിസിസിഐയുടെ പ്രധാന പരാതി. ഡ്രസ്സിങ് റൂമുകളിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് വാഷ്‌റൂം സൗകര്യമെന്നും ചൂണ്ടിക്കാട്ടുന്നു. താരങ്ങൾക്കായി ഒരുക്കിയ ഹോട്ടൽ മുറികളും വളരെ ചെറുതാണെന്നാണ് റിപ്പോർട്ടുകൾ. കിറ്റ് ബാഗുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മുറിയിൽ വച്ചാൽ സഞ്ചരിക്കാൻ പോലും മതിയായ ഇടമില്ലാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.
സഞ്ജുവിന്റെ തിരിച്ചുവരവിനും തിരിച്ചടി
ഏഷ്യൻ ഗെയിംസിന് രണ്ടാംനിര ടീമിനെ അയക്കാൻ ബിസിസിഐ തീരുമാനിച്ചാൽ മലയാളി താരം സഞ്ജു സാംസണിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിനും തിരിച്ചടിയാകും. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ ഏഷ്യൻ ഗെയിംസിനുള്ള പ്രധാന ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ബി ടീമിനെ അയക്കാനാണ് തീരുമാനമെങ്കിൽ സഞ്ജുവിനും ടീമിന് പുറത്തിരിക്കേണ്ട സാഹചര്യമുണ്ടായേക്കും. അതേസമയം, അടുത്ത ആഴ്ച ചെന്നൈയിലെത്തുന്ന സഞ്ജു ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽ പരിശീലനം നടത്തും. വലിയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് കഠിനാധ്വാനം ചെയ്യുകയാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.
2023ൽ ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. മഴമൂലം പുരുഷ വിഭാഗം ഫൈനൽ ഉപേക്ഷിച്ചപ്പോൾ മികച്ച സീഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ മറികടന്ന് സ്വർണം സ്വന്തമാക്കിയത്.
ഇത്തവണ ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, തിലക് വർമ്മ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട ശക്തമായ പുരുഷ ടീമിനെയാണ് ഇന്ത്യ ആദ്യം പ്രഖ്യാപിച്ചത്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ശക്തമായ വനിതാ ടീമിനെയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജപ്പാനിലെ സൗകര്യങ്ങളിൽ ആവശ്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ പ്രമുഖ താരങ്ങൾക്ക് പകരം രണ്ടാംനിര ടീമിനെ അയക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ഉയരുന്നത്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ടീം
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ)
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)
അഭിഷേക് ശർമ്മ
ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ)
ശിവം ദുബെ
തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ)
അക്സർ പട്ടേൽ
വാഷിങ്ടൺ സുന്ദർ
നിതീഷ് കുമാർ റെഡ്ഡി
വരുൺ ചക്രവർത്തി
രവി ബിഷ്ണോയ്
ഹർഷിത് റാണ
അർഷ്ദീപ് സിങ്
വൈഭവ് സൂര്യവംശി
ജസ്പ്രീത് ബുംറ
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.