സെവാഗിന്റെ മകനും ദ്രാവിഡിന്റെ മകനും ഒരേ ടീമിൽ; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ‘സുവർണ തലമുറ’
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും ഇടംപിടിച്ചു.
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. രാജ്കോട്ടിലാണ് മൂന്ന് ഏകദിന മത്സരങ്ങളും ആദ്യ മൾട്ടി-ഡേ മത്സരവും നടക്കുക. രണ്ടാം മൾട്ടി-ഡേ മത്സരത്തിന് അഹമ്മദാബാദ് വേദിയാകും.
18കാരനായ ആര്യവീർ സെവാഗിന്റെ ഇന്ത്യൻ അണ്ടർ-19 ടീമിലേക്കുള്ള അരങ്ങേറ്റമാണിത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്. 2024ലെ കൂച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്കായി മേഘാലയക്കെതിരെ 309 പന്തിൽ 297 റൺസ് നേടിയ ആര്യവീർ ശ്രദ്ധ നേടിയിരുന്നു. 2025 സീസണിലും മികച്ച പ്രകടനം തുടർന്ന താരം 496 റൺസ് സ്വന്തമാക്കി.
വിക്കറ്റ് കീപ്പർ ബാറ്ററായ അൻവയ് ദ്രാവിഡ് ശ്രീലങ്കൻ പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്. ശ്രീലങ്കയ്ക്കെതിരായ യൂത്ത് ഏകദിനത്തിൽ 67 പന്തിൽ 87 റൺസ് നേടിയ അൻവയ് ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളുടെ മക്കൾ ഒരേ അണ്ടർ-19 ടീമിന്റെ ഭാഗമാകുന്നത് ആരാധകരിലും വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഏകദിന ടീമിന്റെ ക്യാപ്റ്റനായി ലക്ഷ്യ റായ്ചന്ദാനിയും വൈസ് ക്യാപ്റ്റനായി യശ്ബർധൻ ചൗഹാനും ചുമതലയേൽക്കും. മൾട്ടി-ഡേ മത്സരങ്ങളിൽ യശ്ബർധൻ ക്യാപ്റ്റനും ലക്ഷ്യ വൈസ് ക്യാപ്റ്റനുമായിരിക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ മാനവ് കൃഷ്ണനും ഇന്ത്യൻ അണ്ടർ-19 ടീമിൽ ഇടം നേടിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.