Logo
Thu, Aug 27, 2026 • 05:07 PM
LIVE TV
Watch

No business videos available

No Middle East videos available

സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര നീക്കം; 15ൽ നിന്ന് 6 ശതമാനമാക്കാൻ ആലോചന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 27, 2026
1 min read
SHARE:
SAVE: Login to save

സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര നീക്കം; 15ൽ നിന്ന് 6 ശതമാനമാക്കാൻ ആലോചന

മുംബൈ: സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. നിലവിലെ 15 ശതമാനം തീരുവ 6 ശതമാനമായി കുറയ്ക്കാനാണ് ആലോചനയെന്നാണ് സൂചന. ഇറക്കുമതി കുറയ്ക്കുക, വിദേശനാണയ ശേഖരത്തിന് മേലുള്ള സമ്മർദം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നേരത്തെ തീരുവ ഉയർത്തിയിരുന്നത്.

ഈ വർഷം മേയ് 13നാണ് സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്. എന്നാൽ ഉയർന്ന തീരുവ നിയമപരമായി ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും അനധികൃതമായി രാജ്യത്തെത്തുന്ന സ്വർണത്തിന്റെയും വിലയിൽ വലിയ അന്തരം സൃഷ്ടിച്ചെന്നാണ് വ്യവസായ മേഖലയിലെ വിലയിരുത്തൽ. ഇത് സ്വർണക്കടത്ത് വർധിക്കാൻ സാഹചര്യമൊരുക്കുമെന്നും മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

തീരുവ വീണ്ടും 6 ശതമാനമാക്കിയാൽ നിയമപരമായ ഇറക്കുമതി കൂടുതൽ ആകർഷകമാകുമെന്നും അനധികൃത സ്വർണ ഇറക്കുമതിക്കുള്ള പ്രോത്സാഹനം കുറയ്ക്കാനാകുമെന്നും വ്യവസായ മേഖല പ്രതീക്ഷിക്കുന്നു. മേയ് മാസത്തിലെ തീരുവ വർധനയ്ക്ക് ശേഷവും ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായില്ല. ജൂൺ, ജൂലൈ മാസങ്ങളിൽ രാജ്യത്തിന്റെ സ്വർണ ഇറക്കുമതി മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 5.5 ശതമാനം ഉയർന്ന് 6.13 ബില്യൺ ഡോളറിലെത്തി.

മേയ് മാസത്തിലും സ്വർണ ഇറക്കുമതി ഏകദേശം 34 ശതമാനം വർധിച്ചിരുന്നു. ഉയർന്ന തീരുവ പ്രാബല്യത്തിൽ ഉണ്ടായിരുന്നത് മാസത്തിന്റെ പകുതിയോളം മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം, ഉയർന്ന ഇറക്കുമതി തീരുവ കേന്ദ്രസർക്കാരിന് വലിയ വരുമാനവും സമ്മാനിച്ചു. മേയ് 13 മുതൽ ഓഗസ്റ്റ് 2 വരെ സ്വർണ ഇറക്കുമതിയിൽ നിന്ന് മാത്രം 10,040 കോടി രൂപ കസ്റ്റംസ് തീരുവയായി സമാഹരിച്ചതായി ലോക്സഭയിൽ ധനകാര്യ സഹമന്ത്രി നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.

തീരുവ കുറയ്ക്കുന്നതോടെ സർക്കാരിന്റെ കസ്റ്റംസ് വരുമാനത്തിൽ കുറവുണ്ടാകുമെങ്കിലും നിയമപരമായ ഇറക്കുമതി വർധിപ്പിക്കാനും സ്വർണക്കടത്ത് നിയന്ത്രിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.ഇറക്കുമതി തീരുവ കുറച്ചാൽ ആഭ്യന്തര സ്വർണവിലയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പ്രത്യേകിച്ച് 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി തീരുവ കുറച്ചാൽ സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവിൽ ഗണ്യമായ കുറവുണ്ടാകും.

എന്നാൽ അന്താരാഷ്ട്ര സ്വർണവില, രൂപ-ഡോളർ വിനിമയ നിരക്ക്, ജിഎസ്ടി, ആഭരണ നിർമാണച്ചെലവ് തുടങ്ങിയ ഘടകങ്ങളും ആഭ്യന്തര വിപണിയിലെ വില നിർണയിക്കുന്നതിനാൽ തീരുവ കുറയുന്ന മുഴുവൻ തുകയും ഉപഭോക്താവിന് നേരിട്ട് ലഭിക്കണമെന്നില്ല.

എങ്കിലും തീരുവ 6 ശതമാനമായി കുറച്ചാൽ ഒരു പവൻ സ്വർണത്തിന് ഏകദേശം 10,000 രൂപ വരെ വില കുറയാൻ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തൽ. വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യങ്ങളും കേന്ദ്രസർക്കാർ പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10