‘ലോകകപ്പ് റിഹേഴ്‌സലല്ല’; ഹോക്കി ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി പി.ആർ. ശ്രീജേഷ്
ന്യൂഡൽഹി: നെതർലൻഡ്‌സിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമിന്റെ മോശം പ്രകടനത്തിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്. ലോകകപ്പിന് അർഹമായ പ്രാധാന്യം നൽകാതെ ഏഷ്യൻ ഗെയിംസിന് കൂടുതൽ ശ്രദ്ധ നൽകിയെന്നാരോപിച്ചാണ് ശ്രീജേഷ് ഹോക്കി ഇന്ത്യയെ വിമർശിച്ചത്. ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യൻ വനിതാ ടീമിന്റെ ചീഫ് കോച്ചിന് അവധി അനുവദിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്റിന് തൊട്ടുമുമ്പ് ചീഫ് കോച്ച് അവധിയിലായാൽ ടീം എങ്ങനെയാണ് മികച്ച പ്രകടനം പുറത്തെടുക്കുകയെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീജേഷ് ചോദിച്ചു. ലോകകപ്പിലെ പരാജയങ്ങളും വീഴ്ചകളും മറച്ചുവയ്ക്കാൻ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ ഹോക്കി ഇന്ത്യ പ്രതിരോധമായി ഉയർത്തിക്കാട്ടുമെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു.
ലോകകപ്പിന് പ്രാധാന്യമില്ലെന്നും ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ശേഷം ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനെക്കുറിച്ച് സ്വപ്നം കാണാമെന്നുമുള്ള പരിഹാസ രൂപത്തിലുള്ള പരാമർശത്തിലൂടെയാണ് ശ്രീജേഷ് ടീമിന്റെ സമീപനത്തെ വിമർശിച്ചത്.
വനിതാ ടീമിന്റെ ചീഫ് കോച്ച് ലോകകപ്പിന് തൊട്ടുമുമ്പ് അവധിയിലായിരുന്നിട്ടും താരങ്ങൾ മികച്ച രീതിയിൽ പോരാടിയെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും കളിക്കാർക്ക് മാത്രമാണെന്നും ശ്രീജേഷ് പറഞ്ഞു. എന്നാൽ നിർണായകമായ തയ്യാറെടുപ്പ് ഘട്ടത്തിൽ ചീഫ് കോച്ച് ടീമിനൊപ്പമില്ലാതിരുന്ന സാഹചര്യത്തിൽ അധികൃതരുടെ ഉത്തരവാദിത്തം എന്താണെന്നും അദ്ദേഹം ചോദിച്ചു.
പുരുഷ ടീം മികച്ച ടീമിനോട് തോറ്റാൽ അതിനെ ‘പഠനാനുഭവം’ എന്ന് വിശേഷിപ്പിക്കുകയും ഏഷ്യൻ ടീമിനെ തോൽപ്പിച്ചാൽ വലിയ വിജയമായി അവതരിപ്പിക്കുകയും ചെയ്യുന്ന സമീപനത്തെയും ശ്രീജേഷ് ചോദ്യം ചെയ്തു.“നമ്മൾ വെറുതെ നല്ല ഹോക്കി കളിക്കാനാണോ ടീമിനെ ഒരുക്കുന്നത്? അതോ ലോകത്തിലെ മികച്ച ടീമുകളെ തോൽപ്പിക്കാൻ ശേഷിയുള്ള ടീമിനെയാണോ വാർത്തെടുക്കേണ്ടത്?” എന്നതാണ് ശ്രീജേഷ് ഉയർത്തുന്ന പ്രധാന ചോദ്യം.
‘പഠനം’, ‘നല്ല ഹോക്കി’, ‘ഭാവിയിലെ ടൂർണമെന്റുകൾ’ തുടങ്ങിയ വാക്കുകൾക്ക് പിന്നിൽ ഒളിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകകപ്പ് ഒരു റിഹേഴ്‌സലല്ല, അതൊരു ടൂർണമെന്റാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുകയെന്നും ശ്രീജേഷ് ചോദിച്ചു.
രണ്ടാം ഘട്ടത്തിൽ പൂൾ ഇയിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ പുരുഷ ടീം ലോകകപ്പിൽനിന്ന് പുറത്തായത്. നെതർലൻഡ്‌സിനോട് 1-3നും അർജന്റീനയോട് 3-5നും ഇന്ത്യ പരാജയപ്പെട്ടു. ആദ്യ റൗണ്ടിൽ വെയ്ൽസിനെയും പാകിസ്താനെയും തോൽപ്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
അതേസമയം ഇന്ത്യൻ വനിതാ ടീമിന് നേരിയ വ്യത്യാസത്തിലാണ് സെമി ഫൈനൽ നഷ്ടമായത്. ആദ്യ റൗണ്ടിൽ ചൈനയോട് സമനില നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 6-1ന് തോൽപ്പിക്കുകയും ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയും ചെയ്തു. രണ്ടാം റൗണ്ടിൽ നെതർലൻഡ്‌സിനോട് തോറ്റ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ സമനില വഴങ്ങിയതോടെയാണ് സെമി ഫൈനൽ കാണാതെ പുറത്തായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.