ASHA PROTEST| ആശമാര്‍ അഞ്ചാം ഘട്ട സമരത്തിന്: ആയിരം പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും
Jaihind TV News Report
Jaihind TV Web Desk
June 30, 2025
1 min read
•
Updated: June 10, 2026
ആശമാരുടെ സമരം അഞ്ചാം ഘട്ടത്തിലേക്ക്. 141 ദിവസമായി തുടരുന്ന ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരത്തിന്റെ അഞ്ചാം ഘട്ടമായി ആയിരം പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം സമരസഹായ സമിതികളുമായി സഹകരിച്ച് പഞ്ചായത്ത്/നഗരസഭ തലത്തിലാണ് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. 29 ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സമരം തദ്ദേശസ്ഥാപന തലത്തിലേക്ക് എത്തിക്കുന്നതിന് തീരുമാനമെടുത്തത്.
ഫെബ്രുവരി 10ന് ആരംഭിച്ച രാപകല്‍ സമരം ഉയര്‍ത്തിയ ഓണറേറിയ വര്‍ദ്ധന ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് സമരം നീളുന്നത്. ആരോഗ്യമന്ത്രിയുമായി മൂന്ന് തവണയും തൊഴില്‍ മന്ത്രിയുമായി ഒരുതവണയും സമര നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇതിനിടെ വിവിധ മേഖലകളില്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചതും അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി ഫണ്ട് നീക്കി വെച്ചതും ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം വെളിവാക്കുന്നതായിരുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന തൊഴിലുകള്‍ സ്ഥിരമായി ചെയ്യുന്ന നിര്‍ധനരായ സ്ത്രീ തൊഴിലാളികളോടുള്ള ഈ സര്‍ക്കാര്‍ സമീപനത്തിനെതിരെ ജനങ്ങളാകെ ആശമാര്‍ക്കൊപ്പം അണിനിരന്നു.
സമരത്തിന്റെ നാലാം ഘട്ടമായി മെയ് 5 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച സമരയാത്ര 45 ദിവസം കൊണ്ട് അയ്യായിരത്തോളം കിലോമീറ്റര്‍ യാത്ര ചെയ്ത് ജൂണ്‍ 18 ന് സമരവേദിയില്‍ എത്തിച്ചേരുന്നത് വരെ 14 ജില്ലകളിലായി ഇരുനൂറോളം കേന്ദ്രങ്ങളില്‍ ചെറുതും വലുതുമായ യോഗങ്ങളില്‍ ബഹുജനങ്ങള്‍ സമര യാത്രയ്ക്ക് നല്‍കിയ സ്വീകരണം ഇത് തെളിയിക്കുന്നതായിരുന്നു. 39 കേന്ദ്രങ്ങളില്‍ തെരുവില്‍ അന്തിയുറങ്ങി മുന്നേറിയ യാത്രയില്‍ യാതൊരു പ്രതിസന്ധിയുമുണ്ടാകാതെ ജനങ്ങളാകെ ഒപ്പം നില്‍ക്കുകയായിരുന്നു. ജില്ലകളിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളില്‍ മാത്രമാണ് ഈ യാത്രയിലൂടെ എത്തിച്ചേരാന്‍ ആയത്. സമരത്തെ പിന്തുണയ്ക്കുന്നവരുടെ പ്രാദേശികതല സമരസഹായ സമിതികളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. ഇതിലൂടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സമരത്തിന്റെ ന്യായയുക്തതയും ആവേശവും നേരിട്ട് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍ പറഞ്ഞു.
ഏപ്രില്‍ 3ന് ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിക്ക് മുമ്പാകെ ഇന്ന് സംഘടന ആശാവര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയിച്ചു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, സംസ്ഥാന നേതാക്കളായ കെ പി റോസമ്മ, ബിനി സുദര്‍ശന്‍ എന്നിവരാണ് കമ്മിറ്റിക്കു മുമ്പാകെ എത്തിയത്. കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് കമ്മിറ്റി അധ്യക്ഷ ഹരിത വി കുമാര്‍ ഐഎഎസ് അഭ്യര്‍ത്ഥിച്ചതായി എം എ ബിന്ദു പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10