നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതികളായ സുരക്ഷാസംഘത്തെ രക്ഷിക്കാൻ എഡിജിപി എം.ആർ. അജിത്കുമാർ ഇടപെട്ടത് മുൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കർശന നിർദേശത്തെത്തുടർന്നാണെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തണലിലാണ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ വർഷം ജൂലൈയിൽ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് എഡിജിപി അജിത്കുമാറിന് മേൽ ഈ കേസിൽ അന്വേഷണക്കുരുക്ക് മുറുകുന്നത്. കേസ് ഡയറി തിരുത്താൻ എഡിജിപിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടെന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ മൊഴി അജിത്കുമാറിന്റെ കരിയറിന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
അതേസമയം, അതിക്രമത്തിന് നേരിട്ട് നേതൃത്വം നൽകിയ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നതിൽ കോൺഗ്രസ് ക്യാമ്പിൽ കടുത്ത അമർഷമുണ്ട്. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെ പ്രതിപ്പട്ടികയിലുള്ള അഞ്ച് പൊലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.