തിരുവനന്തപുരം: കേരളത്തിന്റെ ചിരകാലാഭിലാഷമായ എയിംസ് (AIIMS) ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും, ഇത്തവണ കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒഴിവുകഴിവുകള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എയിംസ് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ എവിടെ അനുവദിച്ചാലും തങ്ങള്‍ക്ക് പരാതിയില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട സ്ഥലം ഇതിനോടകം തന്നെ കേന്ദ്രത്തിന് ചൂണ്ടിക്കാണിച്ചു നല്‍കിയിട്ടുണ്ടെന്നും, അധികൃതര്‍ അത് പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എയിംസിന് വേണ്ടി ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. ഇന്ന സ്ഥലം തന്നെ വേണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും കേരളത്തില്‍ എയിംസ് വരിക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഈ വര്‍ഷം തന്നെ എയിംസ് യാഥാര്‍ത്ഥ്യമാകും; കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചതായി മന്ത്രി കെ. മുരളീധരൻ