ന്യൂഡല്ഹി: ഡല്ഹിയില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുന്നതിനിടയില് മാധ്യമപ്രവര്ത്തകര്ക്ക് നേരെ ഉണ്ടായ പൊലീസിന്റെയും അര്ധസൈനിക വിഭാഗങ്ങളുടെയും അതിക്രമങ്ങള്ക്കെതിരെ കേരള യൂണിയന് ഓഫ് വര്ക്കിങ് ജേര്ണലിസ്റ്റ്സ് സുപ്രീം കോടതിയില് ഹര്ജി ഫയല് ചെയ്തു. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമാണ് സംഘടന കോടതിയെ സമീപിച്ചത്.
ഒക്ടോബര് 10, 11 തീയതികളില് ജോലിയിലുണ്ടായിരുന്ന മാധ്യമപ്രവര്ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഹര്ജിയിലെ പ്രധാന ആരോപണം. പ്രസ് ഐഡന്റിറ്റി കാര്ഡ് കാണിച്ചിട്ടും വനിതാ മാധ്യമപ്രവര്ത്തകരെ അടക്കം പൊലീസ് മര്ദിക്കുകയും ക്യാമറ പിടിച്ചുവാങ്ങാന് ശ്രമിക്കുകയും ചെയ്തു. മലയാളം വാര്ത്താ ചാനലുകളിലെ ഏഴ് മാധ്യമപ്രവര്ത്തകര് ഇത്തരത്തില് അതിക്രമത്തിന് ഇരയായതായി ഹര്ജിയില് വ്യക്തമാക്കിയിട്ടുണ്ട്.
മാധ്യമപ്രവര്ത്തകരുടെ ജോലി തടസ്സപ്പെടുത്തരുതെന്ന മുന് ഉത്തരവുകളുടെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിച്ച സംഘടന, ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വാദിക്കുന്നു. സംഭവത്തില് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്നും, മാധ്യമപ്രവര്ത്തകര്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു. തെളിവുകള്ക്കായി സി.സി.ടി.വി ദൃശ്യങ്ങളും ബോഡി വോണ് ക്യാമറ ദൃശ്യങ്ങളും സൂക്ഷിച്ചുവെക്കാന് ഉത്തരവിടണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്ഹിയിലെ മാധ്യമപ്രവര്ത്തകര്ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ