ഡല്ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്ശനവുമായി കെ.സി. വേണുഗോപാലും ജയറാം രമേശും. കേന്ദ്ര സര്ക്കാര് ഭയത്തിന്റെ നിഴലിലാണെന്നും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള് അമിത് ഷാ ഇപ്പോള്ത്തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ഇരുവരും ആരോപിച്ചു.
2029-ലും കോണ്ഗ്രസ് തോല്ക്കുമെന്നും ഇപ്പോള് നടക്കുന്നത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള സമരമാണെന്നുമുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്കാണ് നേതാക്കള് മറുപടി നല്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം തകര്ക്കപ്പെടുന്നത് സംബന്ധിച്ചാണ് ഇപ്പോള് പ്രധാന ചര്ച്ച നടക്കുന്നതെന്ന് കോണ്ഗ്രസ് സംഘടനാ ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് പറഞ്ഞു. 'അമിത് ഷായുടെ ശരീരഭാഷയില് തന്നെ ഭയം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കസേര സുരക്ഷിതമല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം 2029-ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള് സംസാരിക്കുന്നത്. 2029 വരെ അധികാരത്തില് തുടരാനാകുമോ എന്ന കാര്യത്തില് അദ്ദേഹം ആദ്യം ആശങ്കപ്പെടട്ടെ,' വേണുഗോപാല് പരിഹസിച്ചു.
വോട്ടര് പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭത്തില് അസ്വസ്ഥനായ അമിത് ഷാ തന്റെ പതിവ് തന്ത്രങ്ങളുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. 2029-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള തന്ത്രങ്ങള് തുടങ്ങിയെങ്കിലും അതില് വിജയിക്കില്ലെന്നും, ഭരണഘടനാപരമായ വോട്ടവകാശത്തിന്റെ ശക്തി രാജ്യത്തെ ജനങ്ങള്ക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'2029-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് അമിത് ഷാ നീക്കം തുടങ്ങിക്കഴിഞ്ഞു'; കടുത്ത വിമര്ശനവുമായി കോണ്ഗ്രസ്