കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ശ്വേതാ മേനോന്‍ നല്‍കിയ ഹര്‍ജിക്കെതിരെ നടനും എം.എല്‍.എയുമായ രമേഷ് പിഷാരടി എറണാകുളം മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശ്വേത മേനോന്റെ ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും തന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും രമേഷ് പിഷാരടി കോടതിയെ അറിയിച്ചു.
ജനപ്രതിനിധിയായ തന്നെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസില്‍ തന്ന കക്ഷി ചേര്‍ത്തതെന്ന് പിഷാരടി ആരോപിച്ചു. ഹര്‍ജിയില്‍ തനിക്കെതിരെ നിയമപരമായ യാതൊരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ലാത്തതിനാല്‍ ഇത് നിലനില്‍ക്കില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സംഘടനയുടെ ഔദ്യോഗിക രേഖകളോ അധികാരമോ താന്‍ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെന്നും അഡ്‌ഹോക് കമ്മിറ്റി ഭരണം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ അടിസ്ഥാനമില്ലെന്നും പിഷാരടി വ്യക്തമാക്കി. 'അമ്മ'യുടെ പ്രസിഡന്റ് എന്ന നിലയില്‍ ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ എന്ന നിലയിലാണ് പിഷാരടിയെ കക്ഷിചേര്‍ത്തിരുന്നത്. എന്നാല്‍ ഔദ്യോഗികമായി താന്‍ അത്തരം ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നാണ് പിഷാരടിയുടെ വാദം.
'പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം; കേസില്‍ കക്ഷിചേര്‍ത്തത് അപമാനിക്കാന്‍': ശ്വേതാ മേനോനെതിരെ രമേഷ് പിഷാരടി