K C VENUGOPAL M P| യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം; കുട്ടികളുടെ ജീവന്‍ പന്താടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല: കെ സി വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
July 20, 2025
1 min read
•
Updated: June 09, 2026
കാര്‍ത്തികപ്പള്ളിയില്‍ ഗവഃ യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കുര തകര്‍ന്നു വീണ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുട്ടികളുടെ ജീവന്‍ പന്താടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.
തകര്‍ന്ന് വീണത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ്. എന്നിട്ടും ഈ കെട്ടിടം എങ്ങനെ പ്രവര്‍ത്തിച്ചു എന്നതില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കാലപ്പഴക്കം കാരണം കെട്ടിടം ഉപയോഗ്യയോഗ്യമല്ലെന്നും ഫിറ്റ്നസ് നല്‍കാന്‍ കഴിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേകാര്യം വിദ്യാഭ്യാസ വകുപ്പിനെയും സ്‌കൂള്‍ അധികാരികള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണം. ഇവിടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കൈമാറണമെന്ന് പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാരിന് രേഖാമൂലം കത്തു നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ സ്‌കൂളുകളുടെയും സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
തകര്‍ന്ന് വീണ കെട്ടിടത്തില്‍ ക്ലാസുകള്‍ നടക്കുകയോ ഓഫീസ് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ലെന്ന പ്രധാന അധ്യാപകന്റെ വാദം തെറ്റാണെന്നാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. നൂറുവര്‍ഷത്തിലേറെ പഴക്കം ചെന്ന സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫിറ്റിനസ് നല്‍കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. ഇങ്ങനെയൊരു അവസ്ഥയില്‍ എന്തുവിശ്വസിച്ചാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
പൊതുവിദ്യാഭ്യാസ രംഗത്തെ അലംഭാവത്തിന്റെ തുടര്‍ച്ചയാണിത്. തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മരണത്തിന്റെ ഞെട്ടല്‍മാറും മുന്‍പാണ് മറ്റൊരു ദുരന്തം. പ്രവര്‍ത്തിദിനമല്ലാതിരുന്നത് കൊണ്ടുമാത്രമാണ് വലിയ ദുരന്തത്തിലേക്ക് പോകാതിരുന്നത്. അപകടങ്ങള്‍ തുടര്‍ച്ചയാകുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാനോ അപാകതകള്‍ പരിഹരിക്കാനോ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സ്‌കൂളുകളില്‍ സുരക്ഷയും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്താനുള്ള ബാധ്യതയും കടമയും സര്‍ക്കാരിനുണ്ട്. അത് സമയബന്ധിതമായി നിറവേറ്റാതെ അപകടം സംഭവിച്ച് കുട്ടികളുടെ ജീവന്‍ നഷ്ടമാകുന്നത് വരെ കാത്തിരിക്കുന്നത് ക്രൂരതയാണ്. ദുരന്തം സംഭവിക്കുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന് പകരം അവ വരാതിരിക്കാനുള്ള ദീര്‍ഘ വീക്ഷണമുള്ള നടപടികളാണ് സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10