‘ഒമാൻ ഇടപെട്ടാൽ ബോംബിട്ട് തകർക്കും’; ഹോർമുസ് വിഷയത്തിൽ ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഒമാൻ ഇടപെട്ടാൽ സൈനിക നടപടി സ്വീകരിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കയറ്റിയുള്ള കപ്പലുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും നടത്തുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ പരാമർശം.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഒമാനെതിരെ രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാൻ കീഴടങ്ങാൻ തയാറാകണമെന്നും രാജ്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് തനിക്ക് പ്രത്യേക സമയക്രമമില്ലെന്നും ധൃതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പുകൾ തന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാൻ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യുഎസിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലും ആവർത്തിച്ചു. ഇതിനിടെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.
ആഗോള എണ്ണവ്യാപാരത്തിലെ നിർണായക ജലപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ നിയന്ത്രണം സംബന്ധിച്ച തർക്കം അന്താരാഷ്ട്ര ഊർജ വിപണിയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.