Logo
Tue, Sep 08, 2026 • 10:49 AM
LIVE TV
Watch

No business videos available

No Middle East videos available

മൊബൈൽ ഫോൺ വിലക്കിയതിന് വീടുവിട്ടു; ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2026
1 min read
SHARE:
SAVE: Login to save

മൊബൈൽ ഫോൺ വിലക്കിയതിന് വീടുവിട്ടു; ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം

കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് വീടുവിട്ട കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം. പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണെങ്കിലും ഇതുവരെ കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മകന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് പിതാവ് ജിഗീഷ് ആവശ്യപ്പെടുന്നത്.

ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടത്. മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കി പിതാവ് ഫോൺ പിടിച്ചുവാങ്ങിയതിനെ തുടർന്നായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ശിവസൂര്യ വീടുവിട്ടത്. ‘കാശിയിലേക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയും’ എന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ചാണ് പോയത്.

ശിവസൂര്യ വീടുവിട്ടുപോകുന്നത് കണ്ടതായി പരിസരവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയുടെ യാത്രയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചില്ല. വീട് വിട്ടിറങ്ങിയതായി വീട്ടുകാർ പറഞ്ഞ സമയത്തെ അടിസ്ഥാനമാക്കി തലശ്ശേരി, മാഹി റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. എന്നാൽ ശിവസൂര്യ ട്രെയിനിൽ യാത്ര ചെയ്തതായി സ്ഥിരീകരിക്കാനായില്ല.

ബന്ധുക്കളിൽനിന്ന് വാങ്ങിയ പണം ശിവസൂര്യയുടെ കൈവശമുണ്ടായിരുന്നിരിക്കാമെന്ന സംശയത്തെ തുടർന്ന് ട്രെയിനിന് പുറമെ മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിച്ചു. ഇതിന്റെ ഭാഗമായി മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

കാശിയിലേക്ക് പോകുന്നതായി കുറിപ്പ് ലഭിച്ചതിനെ തുടർന്ന് വാരണാസിയിലും വിശദമായ അന്വേഷണം നടത്തി. വാരണാസിയിലെ മലയാളി കൂട്ടായ്മകളുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിച്ചു. കേരള പൊലീസ് സംഘം യു.പി. പൊലീസിന്റെ സഹായത്തോടെ നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒരാഴ്ചയോളം വാരണാസിയിൽ അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ ശിവസൂര്യ അവിടെ എത്തിയതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.

പ്രത്യേക സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ശിവസൂര്യയുടെ തിരോധാനത്തിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ഇക്കാര്യം ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്നാണ് പിതാവിന്റെയും നാട്ടുകാരുടെയും ആവശ്യം. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ശിവസൂര്യയ്ക്ക് പിതാവ് മാത്രമാണ് ആശ്രയം.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10