അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ; ഏരിയ 51ലെ രഹസ്യം പുറത്തേക്ക് ? ചർച്ചയായി ആ അഭിമുഖം

വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ ശരിക്കുമുണ്ടെന്ന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് ഒബാമയുടെ പ്രതികരണം.എന്നാൽ താൻ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം സംബന്ധിച്ച തെളിവുകളൊന്നും കണ്ടിട്ടില്ല. എന്നാൽ വിശാലമായ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടാകാം - ഒബാമ പറഞ്ഞു.
ഒബാമയുടെ ഈ പ്രസ്‍താവന സോഷ്യൽ മീഡിയയിൽ അടക്കം ആഗോളതലത്തിൽ ഇപ്പോൾ ചർച്ച ആയിരിക്കുകയാണ് .കൂടാതെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി ലോകത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തിയ 'ഏരിയ 51' എന്ന സൈനിക താവളത്തെക്കുറിച്ചുള്ള ചില 'മിഥ്യാധാരണകൾ' അദ്ദേഹം തിരുത്തുകയും ചെയ്തു.ഇവിടെ അന്യഗ്രഹ പേടകങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും മനുഷ്യേതര ഇന്റലിജൻസ് വിഭാഗങ്ങളെ പാർപ്പിച്ചിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ ഒബാമ തള്ളിപ്പറഞ്ഞു.താൻ പ്രസിഡന്റായിരുന്ന കാലയളവിൽ അത്തരമൊരു ഭൂഗർഭ സംവിധാനമോ അന്യഗ്രഹ ജീവികളെയോ അവിടെ കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇത്ര വ്യക്തവും കൃത്യവുമായി അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അമേരിക്കയിലെ നെവാഡ മരുഭൂമിയിൽ ലാസ് വെഗാസിൽ നിന്നും ഏകദേശം 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഏരിയ 51.ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമെന്നാണ് 'ഏരിയ 51' അറിയപ്പെടുന്നത്. അമേരിക്കയിലെ നെവാഡയിൽ ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഇവിടെ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. ഏരിയ 51 ലേക്ക് ആർക്കും പ്രവേശനമില്ല. ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത ഇവിടം ഒരു ഹൈലി ക്ലാസിഫൈഡ് റിസർച്ച് ഫെസിലിറ്റിയാണെന്നാണ് സർക്കാർ പറയുന്നത്.
ദശകങ്ങളോളം അമേരിക്കൻ സർക്കാർ ഇങ്ങനെ ഒരു സ്ഥലം ഭൂപടത്തിലുണ്ടെന്നുപോലും സമ്മതിച്ചിരുന്നില്ല. 2013-ൽ സിഐഎ പുറത്തുവിട്ട ചില രേഖകളിലൂടെയാണ് ഏരിയ 51 എന്ന പേര് ഔദ്യോഗികമായി ലോകത്തിന് മുന്നിലെത്തിയത്. അതിനുമുമ്പ് വരെ കേവലം കെട്ടുകഥയായി മാത്രം അവശേഷിച്ചിരുന്ന ഈ പ്രദേശം അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ രഹസ്യങ്ങളിലൊന്നായിരുന്നു. മാത്രമല്ല ഏരിയ 51-നെ ചുറ്റിപ്പറ്റിയുള്ള പറക്കും തളികകളുടെ കഥകൾക്ക് പിന്നിൽ കൃത്യമായ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത അത്യാധുനിക ചാരവിമാനങ്ങളുടെ പരീക്ഷണശാലയായിരുന്നു ഈ കേന്ദ്രം. ലോകത്തെ വിറപ്പിച്ച U-2 ചാരവിമാനം, ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനമായ SR-71 ബ്ലാക്ക് ബേർഡ് തുടങ്ങിയവയെല്ലാം ആദ്യമായി പറന്നുയർന്നത് ഇവിടെ നിന്നാണ്.
അമേരിക്കൻ എയർഫോഴ്സിന്റെ പൂർണ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഔദ്യോഗിക നാമം നെവാഡ ടെസ്റ്റ് ആൻഡ് ട്രെയിനിംഗ് റേഞ്ച് എന്നാണ്. എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം. വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും മനുഷ്യവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു പ്രദേശം തിരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു. അതേ സമയം, അമേരിക്ക പിടിച്ചെടുത്ത പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണെന്നാണ് ചിലരുടെ വിശ്വാസം.ഏരിയ 51-ന് സമീപമുള്ള 'എക്സ്ട്രാടെറസ്ട്രിയൽ ഹൈവേ' (Extraterrestrial Highway) എന്നറിയപ്പെടുന്ന പാത ഇന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അന്യഗ്രഹജീവികളെ കാണാമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.