തിരുവനന്തപുരം: ഭരണമികവിലും ഉറച്ച മണ്ഡലങ്ങളിലും വിശ്വസിച്ച് വോട്ടുതേടിയ ഇടത് മുന്നണിക്ക് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത് കനത്ത ആഘാതം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മത്സരരംഗത്തുണ്ടായിരുന്ന 20 മന്ത്രിമാരിൽ 13 പേരും പരാജയപ്പെട്ടത് കേരള രാഷ്ട്രീയത്തിലെ അസാധാരണ ചരിത്രമായി മാറി. പത്ത് വർഷത്തെ ഭരണത്തുടർച്ചയുടെ കരുത്തിൽ ജയിച്ചുകയറാമെന്ന ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ ജനം പൂർണ്ണമായും തിരുത്തിക്കുറിച്ച കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കണ്ടത്.
പല പ്രമുഖ നേതാക്കളും തങ്ങളുടെ കുത്തക മണ്ഡലങ്ങളിൽ പോലും അടിപതറുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കാൽനൂറ്റാണ്ടായി പത്തനാപുരത്തിന്റെ ജനപ്രതിനിധിയായിരുന്ന കെ.ബി. ഗണേഷ് കുമാർ ജ്യോതികുമാർ ചാമക്കാലയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ആറൻമുളയിൽ വീണ ജോർജിന് ഒരു റൗണ്ടിൽ പോലും ആധിപത്യം നേടാൻ കഴിയാതെ പോയപ്പോൾ അബിൻ വർക്കി അസാമാന്യ ജയമാണ് സ്വന്തമാക്കിയത്. ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവും ഏറ്റുമാനൂരിൽ വി.എൻ. വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും വലിയ തോൽവികൾ ഏറ്റുവാങ്ങി. കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കളമശ്ശേരിയിൽ പി. രാജീവിനും കാലിടറിയത് ഇടതുക്യാമ്പിനെ അമ്പരപ്പിച്ചു.
കോട്ടകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലങ്ങളിലും വിധി മറ്റൊന്നായിരുന്നില്ല. തൃത്താല തിരിച്ചുപിടിച്ച എം.ബി. രാജേഷ് വി.ടി. ബൽറാമിനോട് വീണ്ടും പരാജയപ്പെട്ടപ്പോൾ, തിരൂരിൽ മണ്ഡലം മാറി മത്സരിച്ച വി. അബ്ദുറഹ്മാനും പരാജയം രുചിച്ചു. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ എലത്തൂരിൽ എ.കെ. ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആർ. കേളുവും കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും തോൽവികൾ ഏറ്റുവാങ്ങി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കഷ്ടിച്ചാണ് ജയിച്ചുകയറിയത്. കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിൽ കഷ്ടിച്ച് കടന്നുകൂടിയപ്പോൾ മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ. രാജൻ (ഒല്ലൂർ), പി. പ്രസാദ് (ചേർത്തല), ജി.ആർ. അനിൽ (നെടുമങ്ങാട്), സജി ചെറിയാൻ (ചെങ്ങന്നൂർ) എന്നിവർ നേടിയ ആശ്വാസ ജയങ്ങൾ മാത്രമാണ് ഭരണപക്ഷത്തിന് ഉയർത്തിക്കാട്ടാനുള്ളത്.