തിരുവനന്തപുരം: അയ്യപ്പഭക്തിയുടെ ആത്മീയഭാവം പകർത്തുന്ന പുതിയ ഭക്തിഗാനം ‘മകരപ്പൊന്ന്’ ശ്രദ്ധ നേടുന്നു. “വൃശ്ചിക പുലരി തെളിഞ്ഞുവല്ലോ... വ്രതമനസ്സിൽ അയ്യപ്പനുണർന്നുവല്ലോ...” എന്ന വരികളിലൂടെ അയ്യപ്പസ്വാമിയുടെ ഭക്തിസാന്ദ്രമായ ലോകമാണ് ഗാനം അവതരിപ്പിക്കുന്നത്.
അനിൽ ശ്രീരാഗം രചന, കലാസംവിധാനം, ഛായാഗ്രഹണം എന്നിവ നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘മകരപ്പൊന്ന്’ നെടുമങ്ങാടിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നെടുമങ്ങാട്ടെ ചെല്ലഞ്ചിയാർ ഗാനത്തിൽ പമ്പാ നദിയുടെ പശ്ചാത്തലമായി മാറുന്നു.
കളർ ഫിലിംസ് & ഫ്രെയിംസ് ഇന്റർനാഷണൽ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഗാനത്തിൽ അയ്യപ്പനായി എത്തുന്നത് മുഹമ്മദ് ഇർഫാനാണ്. അയ്യപ്പന്റെ ബാല്യകാല രൂപമായ മണികണ്ഠസ്വാമിയായി ബാലതാരം തൃദേവ് അഭിനയിക്കുന്നു.ജൽസു ചന്ദ്രൻ, ആഷോ സമം, രതീഷ് വേലുമണി, ഗിരീശൻ ചാക്ക, പ്രേംകുമാർ ആലപ്പുഴ, സിന്ധു പേയാട് തുടങ്ങിയവരും ഗാനത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അയ്യപ്പന്റെ ബാല്യകാല കഥകളും പന്തളം കൊട്ടാരത്തിന്റെ പശ്ചാത്തലവും, മണികണ്ഠസ്വാമി പുലിപ്പാൽ തേടി പോകുന്ന ഐതിഹ്യവുമാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുള്ള അനിൽ ശ്രീരാഗം, വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ പന്തളം കൊട്ടാരത്തിന്റെ സെറ്റാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.‘മകരപ്പൊന്ന്’ ഗാനത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ പത്മശ്രീ മധു ആണ്.
അണിയറ പ്രവർത്തകർ
നിർമ്മാണം: സുനിൽ കുമാർ, അനിൽ ശ്രീരാഗം
സഹ സംവിധാനം: ഗിരീശൻ ചാക്ക
മുഖ്യ സംവിധാന സഹായി: സുധീഷ് നന്ദനം
എഡിറ്റിംഗ്: അമൽ ജിത്ത്
പ്രൊഡക്ഷൻ കൺട്രോളർ: ഗോപൻ ശാസ്തമംഗലം
പി.ആർ.ഒ: അജയ് തുണ്ടത്തിൽ