സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ നാടകീയമായ നീക്കങ്ങൾ. കെ.കെ. രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പാർട്ടിയിലെ ഒരു വിഭാഗം പരാതി നൽകി. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഇതുവരെ അംഗമാകാത്ത രാഗേഷിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നത് പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ജില്ലയിലെ ഒരു പക്ഷം നേതാക്കൾ പരാതിയിൽ ഉന്നയിക്കുന്നത്. എന്നാൽ, രാഗേഷ് മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗമാണെന്നും ആ പരിഗണനയിലാണ് ജില്ലാ സെക്രട്ടറിയായി നിയമിച്ചതെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഗേഷിനെതിരെയുള്ള അതൃപ്തി പരസ്യമാക്കി ജില്ലയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പ് അവലോകനത്തിനായി ദൽഹിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചു. യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേരളത്തിലേക്ക് മടങ്ങി. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ജനറൽ സെക്രട്ടറി എം.എ. ബേബി നാളെ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നാണ് വിവരം. മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും ദൽഹിയിൽ നിന്ന് മടങ്ങുമ്പോൾ പിണറായി വിജയനും എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കണ്ണൂരിലെ തർക്കങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.