ഡി.എം.കെയും ആം ആദ്മി പാർട്ടിയും വിട്ടുനിന്നെങ്കിലും ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ 25 രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തതായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി അഞ്ച് പ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും, ഈ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് കത്ത് നൽകാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചു.
സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് തകർന്നതെന്ന് യോഗം വിലയിരുത്തി. പരീക്ഷാ സമ്പ്രദായത്തിലെ ഈ കടുത്ത അപാകതകൾക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമാണെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. ഇതിനുപുറമേ, രാജ്യത്തെ നിലവിലെ മോശം സാമ്പത്തിക സ്ഥിതി, കടുത്ത വിലക്കയറ്റം, കർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ചുചേർക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇനിമുതൽ എല്ലാ രണ്ട് മാസം കൂടുമ്പോഴും യോഗം ചേരും. സഖ്യത്തിന്റെ അടുത്ത വിപുലമായ യോഗം വരാനിരിക്കുന്ന ഒക്ടോബർ 8-ന് ഹൈദരാബാദിൽ വെച്ച് നടക്കും. കൂടാതെ, വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ കൃത്യമായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പ്രത്യേക യോഗം ചേരാനും ധാരണയായിട്ടുണ്ട്.
രാജ്യത്ത് പിന്നാക്ക-ദുർബല വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വൻതോതിൽ വർദ്ധിച്ചുവരികയാണെന്നും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നതെന്നും മല്ലികാർജുൻ ഖർഗെ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.