സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നു. വധശിക്ഷയില്‍നിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കുന്നതോടെ, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങളാണ് അവസാനിക്കുന്നത്. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ മെയ് 19 ന് മോചനമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മെയ് 19 ന് ശിക്ഷാ കാലാവധി അവസാനിക്കും. മെയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്.
സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുല്‍ റഹീം അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്.2012ലാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍, ലോകമലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നല്‍കിയതോടെയാണ് വധശിക്ഷയില്‍നിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനല്‍ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ഈ തടവ് കാലാവധിയാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്.
മോചനം സംബന്ധിച്ച ഔദ്യോഗിക വിധിന്യായം കോടതിയില്‍നിന്ന് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, സൗദിയിലെ പെരുന്നാള്‍ പ്രമാണിച്ച് ഓഫീസുകള്‍ക്ക് അവധിവരുകയാണെങ്കില്‍ മോചനതീയതി ദിവസങ്ങള്‍കൂടി നീണ്ടേക്കുമെന്നാണ് നിയമസഹായ സമിതി അധികൃതര്‍ നല്‍കുന്ന വിവരം. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബം
ആശ്വാസവാർത്തയുമായി ആക്ഷന്‍ കൗണ്‍സില്‍; അബ്ദുല്‍ റഹീമിന്റെ മോചനം മെയ് 19 ന്