'ആരോഗ്യവകുപ്പ് പൊളിച്ചെഴുതും, ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം; 30 കോടിയുടെ'വര്‍ച്ചുവല്‍ ഓട്ടോപ്‌സി': മന്ത്രി കെ. മുരളീധരന്
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ജനസൗഹൃദമാക്കാനും ആധുനികവൽക്കരിക്കാനുമുള്ള ബൃഹത്തായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. കോഴിക്കോട് വെച്ച് നടന്ന 'കായകൽപ്പം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർണ്ണായകമായ നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. മുൻ സർക്കാരിന്റെ കാലത്തെ വലിയ സാമ്പത്തിക ബാധ്യതകൾ നിലനിൽക്കുമ്പോഴും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ആരോഗ്യവകുപ്പിനെ പൂർണ്ണമായി പൊളിച്ചെഴുതുമെന്ന് മന്ത്രി വ്യക്തമാക്കി.
കായകൽപ്പം ഉദ്ഘാടന വേദിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടപ്പിലാക്കാൻ പോകുന്ന 'വർച്ചുവൽ ഓട്ടോപ്സി' (Virtual Autopsy) സംവിധാനമാണ്. 30 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ, മൃതദേഹങ്ങൾ കീറിമുറിക്കാതെ തന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് മെഡിക്കൽ രംഗത്ത് വലിയൊരു നാഴികക്കല്ലാകും.
സംസ്ഥാനത്തെ ജില്ലാ-താലൂക്ക് ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. പണിതീരാത്തതും അപകടാവസ്ഥയിലുള്ളതുമായ സർക്കാർ ആശുപത്രി കെട്ടിടങ്ങൾ അടിയന്തിരമായി പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കും. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടുകൾ കൂടി പ്രയോജനപ്പെടുത്തി കെട്ടിടങ്ങൾ നവീകരിക്കാനും പുതിയ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ സമയബന്ധിതമായി നികത്തുമെന്നും, സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കൂടുതൽ ഫണ്ട് വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
താൻ ആരോഗ്യവകുപ്പ് ഏറ്റെടുക്കുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളതെന്ന് മന്ത്രി തുറന്നുപറഞ്ഞു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയ ഇനത്തിൽ വലിയ തുകയാണ് കുടിശ്ശികയുള്ളത്. 'കാരുണ്യ' പദ്ധതി പ്രകാരം 2,017 കോടി രൂപയും, കെ.എം.എസ്.സി.എൽ വഴി 476 കോടി രൂപയും കുടിശ്ശികയായി കിടക്കുകയാണ്. ഈ പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുൻ സർക്കാരിനെപ്പോലെ ആക്ഷേപിക്കുന്നവരെ തിരിച്ച് ആക്ഷേപിക്കുന്ന രാഷ്ട്രീയ ശൈലിക്ക് താനില്ലെന്നും, പരാതികൾ ഉണ്ടായാൽ കൃത്യമായി അന്വേഷിച്ച് കർശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഷിഗല്ലെ രോഗബാധയിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ശുചീകരണ പ്രവർത്തനങ്ങളിലെ അപാകതകൾ പകർച്ചവ്യാധികൾ പെരുകാൻ കാരണമാകുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കും. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയുണ്ടാകും, അത്തരം കടകൾ പൂട്ടേണ്ടി വരുമെന്നും ആരോഗ്യ പരിപാലനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി താക്കീത് നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.