കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി സി.ജെ.എം കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച രാവിലെ 11.30-ന് മുന്‍പായി ഇയാളെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഊന്നുകല്ല് സി.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അര്‍ജുനെതിരെ കൂടുതല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനും പൊലീസ് തയാറെടുക്കുകയാണ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിലെ നിയമപരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി, കൂടുതല്‍ കര്‍ശനമായ വകുപ്പുകളിലൂടെ ജാമ്യം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കണ്ണൂര്‍ സൈബര്‍ പൊലീസ് എടുത്ത കേസില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അര്‍ജുന്‍ ആയങ്കി പിടിയിലാകുന്നത്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു