വടകര ലോക്‌സഭാ മണ്ഡലത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ചവരെ വലിയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ എം.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എൽ.ഡി.എഫിന് ഒരു സീറ്റ് മാത്രം നൽകിയതും ഇതേ വടകരയിലെ ജനതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ഉയർന്ന കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വ്യാജ നിർമ്മിതികൾക്കും ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകി. മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ നിശ്ചയദാർഢ്യത്തെയും ഈ പോരാട്ടത്തിൽ ഷാഫി പറമ്പിൽ അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് നാടിന്റെ ഐക്യത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വർഗീയ വിഷബോംബായിരുന്നുവെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ തലയിൽ പെട്ടെന്നുദിച്ച ബുദ്ധിയല്ല, മറിച്ച് വ്യക്തമായ ആസൂത്രണമാണ്. 'മാഷാ അള്ളാ' പോസ്റ്റർ ഇതിനായി എന്തിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണം. മുൻപ് ഫസലിനെ കൊലപ്പെടുത്തിയ ശേഷം ആർ.എസ്.എസ് ഓഫീസിൽ തൂവാല കൊണ്ടിട്ടതിന് സമാനമായ ഗൂഢശ്രമമാണ് ഇവിടെയും നടന്നത്. സി.പി.ഐ.എം ഒരു കാരണവശാലും കമ്മ്യൂണൽ പോയിസൺ (വർഗീയ വിഷം) ആവാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുക എന്നത് സി.പി.എമ്മിന്റെ രീതിയാണ്. പിണറായി വിജയൻ ഗവൺമെന്റ് ഈ കേസിൽ കൃത്യമായ നടപടിയെടുക്കാത്തത് പ്രതിസ്ഥാനത്ത് അവർ തന്നെയാണെന്ന് ഉറപ്പുള്ളതിനാലാണ്. മുൻ മുഖ്യമന്ത്രിയുടെ പാർട്ടിയുടെയും അറിവോടെയാണ് ഈ അന്വേഷണം അട്ടിമറിക്കപ്പെട്ടത്. എങ്കിലും ഇത്തരക്കാർക്കെതിരെ നിയമപരമായ തിരിച്ചടി ഉറപ്പാക്കാൻ കഴിഞ്ഞതായും ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.