ദുബായ് : അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍ പൂര്‍ണ്ണ തോതിലേക്ക് എത്തിയതോടെ, ഹോര്‍മുസ് വഴി കൂടുതല്‍ കപ്പല്‍ ഗതാഗതം തുടങ്ങി. യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുള്ള കപ്പല്‍ ഗതാഗതം ആണ് ഇതെന്ന് മറൈന്‍ ട്രാക്കിംഗ് ഡാറ്റ കമ്പനികള്‍ അറിയിച്ചു. തിങ്കളാഴ്ച മാത്രം അമ്പതോളം കപ്പുലകള്‍ കടന്ന് പോയതായി , കണ്ടെയ്‌നര്‍ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം ട്രാക്ക് ചെയ്യുന്ന കമ്പനികള്‍ വ്യക്തമാക്കി.
കപ്പല്‍ ഗതാഗതത്തിന് തിരക്കേറുന്നു
യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 120 കപ്പലുകളാണ് ഇതു വഴി പോയിരുന്നത്. യുഎസും ഇറാനും തമ്മില്‍ ധാരണാപത്രത്തില്‍ എത്തിച്ചേര്‍ന്നതിന് ശേഷമുള്ള, മികച്ച ഉണര്‍വ് ഹോര്‍മുസില്‍ തിങ്കളാഴ്ചയും ചൊവാഴ്ചയുമായി കാണാനായി. ഇത് ഈ കാലഘട്ടത്തിലെ റെക്കോര്‍ഡ് ആണെന്നും ഷിപ്പിംഗ് ഡാറ്റ ദാതാക്കള്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ എണ്ണ, വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്ന് പോകുന്നതും ഈ ഹോര്‍മുസ് വഴിയാണ്.
നാവികരും മടങ്ങാനുള്ള ഒരുക്കത്തില്‍
അതേസമയം, സംഘര്‍ഷത്തിന് അയവ് വന്നതോടെ, ഗള്‍ഫിലെ നാവികരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് , യുഎന്‍ സമുദ്ര ഏജന്‍സി അറിയിച്ചു. മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന 11,000-ത്തിലധികം നാവികരെ ഒഴിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര സമുദ്ര സംഘടന അറിയിച്ചു. ഇറാന്‍, ഒമാന്‍, ഈ മേഖലയിലെ മറ്റു തീരദേശ രാജ്യങ്ങള്‍, യുഎസ് എന്നിവയുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുക.
ഹോര്‍മുസ് വഴി കപ്പല്‍ ഗതാഗതം വര്‍ധിച്ചു : പഴയ പ്രതാപത്തിലേക്ക് 'ലോകത്തിന്റെ ജലപാത' ; യുദ്ധ സമയത്തെ 11,000 നാവികരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് യുഎൻ