പരമ്പരാഗത കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലുമായി തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പാടത്തിറങ്ങി. തലയിൽ പാളത്തൊപ്പിയും കൈലിമുണ്ടും ധരിച്ച് വേറിട്ട ഗെറ്റപ്പിലാണ് മന്ത്രി ഉപനിയൂർ പാടശേഖരത്തിൽ ഞാറുനടാൻ എത്തിയത്. കർഷകർക്കും നാട്ടുകാർക്കുമൊപ്പം വിദ്യാർത്ഥികളും പാടത്തേക്ക് ഒന്നിച്ച് ഇറങ്ങിയതോടെ ചടങ്ങ് ഒരു വലിയ കാർഷികോത്സവമായി മാറി.
കോവളം എം.എൽ.എ അഡ്വ. എം. വിൻസെന്റും നേമം ഗവൺമെന്റ് യു.പി. സ്കൂളിലെ കുട്ടികളും മന്ത്രിക്കൊപ്പം പാടത്ത് ഞാറുനടാൻ ഒത്തുചേർന്നു. പുതുതലമുറയുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ചടങ്ങ്, സംസ്ഥാനതല ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഔദ്യോഗിക ഉദ്ഘാടനത്തിന് ആവേശകരമായ തുടക്കമാണ് കുറിച്ചത്.