ഗുജറാത്തിനെ തകര്‍ത്ത് ബംഗളൂരു ഫൈനലില്‍; ആര്‍.സി.ബിക്ക് 92 റണ്‍സിന്റെ കൂറ്റന്‍ ജയം
ധരംശാല: ഐ.പി.എല്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 92 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലില്‍. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബി 5 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 19.3 ഓവറില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും ഗുജറാത്തിന് ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും.
തുടക്കത്തില്‍ വെങ്കടേഷ് അയ്യരെ (19) വേഗത്തില്‍ നഷ്ടമായെങ്കിലും വിരാട് കോലിയും (25 പന്തില്‍ 43) ദേവ്ദത്ത് പടിക്കലും (30) ചേര്‍ന്ന് ആര്‍.സി.ബിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ ഇരുവരെയും പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. പിന്നീട് ഒത്തുചേര്‍ന്ന ക്രുനാല്‍ പാണ്ഡ്യയും (28 പന്തില്‍ 43) രജത് പടിധാറും ചേര്‍ന്ന് ആര്‍.സി.ബിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ക്രുനാല്‍ പുറത്തായ ശേഷവും തകര്‍ത്തടിച്ച രജത് പടിധാര്‍ വെറും 33 പന്തില്‍ 9 സിക്‌സറുകളും 5 ഫോറുകളുമടക്കം 93 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മയും (15) തിളങ്ങിയതോടെ ബംഗളൂരു സ്‌കോര്‍ 250 കടന്നു. ഗുജറാത്തിനായി റബാദയും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് പവര്‍ പ്ലേയില്‍ തന്നെ കളി കൈവിട്ടു. പവര്‍ പ്ലേ അവസാനിക്കുമ്പോഴേക്കും 5 മുന്‍നിര വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. സായ് സുദര്‍ശന്‍ (14) ഹിറ്റ് വിക്കറ്റായപ്പോള്‍, നായകന്‍ ശുഭ്മാന്‍ ഗില്‍ (2), ജോസ് ബട്‌ലര്‍ (29), നിശാന്ത് സിന്ധു (5), ജേസണ്‍ ഹോള്‍ഡര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി.
പിന്നീടെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (8), റാഷിദ് ഖാന്‍ (8), കഗിസോ റബാദ (9) എന്നിവരും വേഗത്തില്‍ മടങ്ങി. 43 പന്തില്‍ 68 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ മാത്രമാണ് ഗുജറാത്ത് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ആര്‍.സി.ബിക്ക് വേണ്ടി ജേക്കബ് ഡഫി മൂന്ന് വിക്കറ്റും, റാസിക് സലാം ദാര്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.