വേണം 7 ജയങ്ങൾ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് വഴി കടുപ്പം
2027-ൽ ലണ്ടനിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാൻ ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത് കടുപ്പമേറിയ വഴി. ജൂൺ 9 മുതൽ 13 വരെയാണ് കിരീടപ്പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 48.15 പോയിന്റ് ശതമാനത്തോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. പട്ടികയിൽ മുന്നിലുള്ള ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്.
ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി ഫൈനലിൽ കടക്കാൻ ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയങ്ങൾ അനിവാര്യമാണ്. ഡബ്ല്യുടിസിയുടെ ഭാഗമായി ഇനി ആകെ 9 ടെസ്റ്റുകളാണ് ഇന്ത്യ കളിക്കാനുള്ളത്. ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇതിൽ കുറഞ്ഞത് 7 ജയങ്ങളെങ്കിലും ഇന്ത്യ സ്വന്തമാക്കേണ്ടതുണ്ട്. അതിൽ നാല് ടെസ്റ്റുകൾ ഈ വർഷം വിദേശത്ത് നടക്കുന്ന രണ്ട് പരമ്പരകളിലാണ്.
ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയും ഒക്ടോബർ-നവംബർ മാസങ്ങളിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന രണ്ട് മത്സര പരമ്പരയുമാണ് ഈ വർഷം ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ നാല് മത്സരങ്ങളിലും വിജയിക്കാനായാൽ ഇന്ത്യയുടെ പോയിന്റ് ശതമാനം 64.01 ആയി ഉയരും. തുടർന്ന് അടുത്തവർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നാട്ടിൽ നടക്കുന്ന, ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗവാസ്കർ ട്രോഫിയായിരിക്കും ഇന്ത്യയുടെ ഫൈനൽ സാധ്യതകളിൽ നിർണ്ണായകമാകുക.
ആദ്യ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളുടെയും ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയിരുന്നെങ്കിലും കിരീടം ഉയർത്താൻ കഴിഞ്ഞിരുന്നില്ല. സതാംപ്ടണിൽ നടന്ന ആദ്യ ഫൈനലിൽ ന്യൂസിലൻഡിനോട് 8 വിക്കറ്റിനും, 2023-ൽ ഓവലിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് 209 റൺസിനും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇത്തവണ കഠിനമായ വഴിയിലൂടെ കടന്ന് ആ നിരാശ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.