അച്ചടക്കമില്ല; ലാലു പ്രസാദ് യാദവ് മൂത്തമകന്‍ തേജ് പ്രതാപ് യാദവിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കി; തെരഞ്ഞെടുപ്പു തന്ത്രമെന്ന് ജെഡിയു
Jaihind TV News Report
Jaihind TV Web Desk
May 25, 2025
1 min read
•
Updated: June 05, 2026
പട്‌ന: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) രക്ഷാധികാരിയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, തന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി. 'അച്ചടക്കമില്ലാത്ത പെരുമാറ്റവും' കുടുംബമൂല്യങ്ങളും പൊതുമര്യാദയും അനുസരിക്കുന്നില്ലെന്നാണ് ആരോപണം. അനുഷ്‌ക യാദവുമായുള്ള 12 വര്‍ഷത്തെ പ്രണയബന്ധത്തെക്കുറിച്ച് തേജ് പ്രതാപിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് വന്നതിനു പിന്നാലെയാണ് ഈ നടപടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ലാലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യക്തിജീവിതത്തിലെ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹ്യനീതിക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നു. മൂത്തമകന്റെ പ്രവര്‍ത്തനങ്ങളും പൊതുരംഗത്തെ പെരുമാറ്റവും നിരുത്തരവാദപരമായ രീതികളും കുടുംബമൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും നിരക്കുന്നതല്ല. അതിനാല്‍, ഞാന്‍ അവനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും നീക്കം ചെയ്യുകയാണ്. ഇനി മുതല്‍ അവന് പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു പങ്കുമുണ്ടായിരിക്കില്ല. അവനെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു,' ലാലു ഹിന്ദിയില്‍ കുറിച്ചു.
തേജ് പ്രതാപിന്റെ ഫേസ്ബുക്കില്‍ അനുഷ്‌ക യാദവുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ പന്ത്രണ്ടുവര്‍മായി അനുഷ്‌ക്കയുമായി സൗഹൃദമുണ്ടായിരുന്നതായി അതിലൂടെ തേജ് വെളിപ്പെടുത്തി. എന്നാല്‍, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്തതാണെന്നും തേജ് പ്രതാപ് പിന്നീട് അവകാശപ്പെട്ടു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ പേരക്കുട്ടിയായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തേജും ഐശ്വര്യയുമായുള്ള വിവാഹം തകര്‍ന്നിരുന്നു. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ പുറത്താക്കിയെന്ന് ഐശ്വര്യ ആരോപിച്ചു. ഇത് ആര്‍ജെഡിയിലും രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നു. ഐശ്വര്യയുടെ പിതാവും മുന്‍ മന്ത്രിയുമായ ചന്ദ്രിക റോയ് ഇതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി വിടുകയും 'രാഷ്ട്രീയപരമായും നിയമപരമായും' പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ തേജിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. പലരും തേജ് പ്രതാപിന്റെ ധൈര്യത്തെ പ്രശംസിച്ചപ്പോള്‍, ഈ ബന്ധം വിവാഹത്തിലേക്ക് നയിക്കുമോ എന്നറിയാന്‍ ചിലര്‍ ആകാംക്ഷ പ്രകടിപ്പിച്ചു.
വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, സമസ്തിപൂരിലെ ഹസന്‍പൂര്‍ സീറ്റ് വിട്ട് വൈശാലി ജില്ലയിലെ മഹുവ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ തേജ് പ്രതാപ് യാദവ് ഒരുങ്ങുകയാണ്. 2015ല്‍ മഹുവ സീറ്റില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു, ഇപ്പോള്‍ അതേ മണ്ഡലത്തിലേക്ക് വീണ്ടും മടങ്ങിവരാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് അദ്ദേഹം.
ഇതിനിടെ, ലാലു പ്രസാദ് യാദവിന്റെ നീക്കം വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്ണില്‍ പൊടിയിടലാണെന്ന് ജനതാദള്‍ (യുണൈറ്റഡ്) ആരോപിച്ചു. 'ലാലു പ്രസാദ് ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഐശ്വര്യയോട് ലാലു കുടുംബം ഹീനമായ പാപമാണ് ചെയ്തത്. അപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷി ഉണര്‍ന്നില്ലേ? ഇത് തികഞ്ഞ അധാര്‍മ്മികതയാണ്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, തിരഞ്ഞെടുപ്പിന് ശേഷം തേജ് പ്രതാപിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കും,' ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10