'മാസപ്പടി സിപിഎമ്മിന്റെ തായ് വേരിളക്കിയ കേസ്'; താല്‍ക്കാലിക സ്റ്റേ ആഘോഷിച്ചവര്‍ ഇപ്പോള്‍ വെപ്രാളപ്പെടുന്നത് എന്തിനെന്ന് മാത്യു കുഴല്‍നാടന്
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി. വീണയുടെയും വസതികളിൽ ഇഡി റെയ്ഡ് ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കോടതി താൽക്കാലിക സ്റ്റേ നീക്കിയതിന് പിന്നാലെയാണ് ഇഡി കൃത്യമായ പരിശോധനകളിലേക്ക് കടന്നതെന്നും അന്വേഷണം നടക്കട്ടെ എന്ന് വ്യക്തമാക്കിയത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻപ് കോടതി നൽകിയ താൽക്കാലിക സ്റ്റേ വലിയ രീതിയിൽ ആഘോഷിച്ചവർ ഇപ്പോൾ ഇഡി നടപടികളിൽ വെപ്രാളപ്പെടുന്നത് എന്തിനാണെന്നും കുഴൽനാടൻ ചോദിച്ചു.
ഇഡി നടപടികൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് താൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് കുഴൽനാടൻ ഓർമ്മിപ്പിച്ചു. കേസിൽ പറയുന്ന 'പി വി' എന്നാൽ അത് പിണറായി വിജയൻ തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഎം) തായ്‌വേരിളക്കിയ കേസാണ് മാസപ്പടി കേസ്. ഇഡി എന്നത് ഒരു ഗവൺമെന്റ് ഏജൻസിയാണ്, അവർ അവരുടെ കൃത്യ നിർവഹണമാണ് നടത്തുന്നത്. അഴിമതിപ്പണത്തിന് വെറുതെ ടാക്സ് (നികുതി) അടച്ചതുകൊണ്ട് മാത്രം അത് അഴിമതിപ്പണം അല്ലാതാകുമോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
അതേസമയം, നിലവിലെ ഇഡി റെയ്ഡും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഈ അന്വേഷണ നീക്കങ്ങളിൽ തനിക്ക് യാതൊരുവിധ അമിതാവേശവുമില്ല. താൻ ഇത്രയും കാലം പൊതുസമൂഹത്തിന് മുന്നിൽ ആവർത്തിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ജനങ്ങൾക്ക് മുന്നിൽ തെളിയിക്കപ്പെടണം എന്നതുമാത്രമാണ് തന്റെ ആഗ്രഹമെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.