നീറ്റ് പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളില്‍ അന്വേഷണമാകാമെന്ന് സുപ്രീംകോടതി; സിജെപിക്ക് അതൃപ്തി
ന്യൂഡല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
അന്വേഷണം തുടരാന്‍ അനുവദിച്ച കോടതി തീരുമാനത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ബി.ജെ.പിയും എന്‍.ഡി.എ സര്‍ക്കാരുകളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രതിഷേധക്കാരെ വേട്ടയാടാന്‍ ഈ ഉത്തരവ് ഉപയോഗിക്കുമെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസ് ആശങ്ക പ്രകടിപ്പിച്ചു. ജൂലായ് 25-ന് നടന്ന ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതുപോലെ എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കില്‍ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.ജെ.പി. മുന്നറിയിപ്പ് നല്‍കി.
അതേസമയം, കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയ കാര്യം കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഉന്നയിച്ചില്ല. ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താമെന്നും പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സമരസ്ഥലത്ത് കൊടുംകുറ്റവാളികള്‍ നുഴഞ്ഞുകയറി അതിക്രമം നടത്തിയെന്നും 280 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങളുടെ പരാതി കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും ബെഞ്ച് സൂചിപ്പിച്ചു. പ്രതിഷേധങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ നിലപാട് കൂടി കേള്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി ഡല്‍ഹി, കേരളം, ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസയച്ച് കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.
സുപ്രീംകോടതിയുടെ പ്രധാന ഇടക്കാല നിര്‍ദേശങ്ങള്‍:
- കേസുകളില്‍ അന്വേഷണം തുടരാമെങ്കിലും അറസ്റ്റ് നടപടികള്‍ പാടില്ല. എന്നാല്‍ ഈ ആനുകൂല്യം കുറ്റകൃത്യ ചരിത്രമുള്ളവര്‍ക്ക് ബാധകമായിരിക്കില്ല.
- നിലവില്‍ അറസ്റ്റിലായവരില്‍ കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത 18 വയസ്സില്‍ താഴെയുള്ളവരെ വിട്ടയക്കണം.
- പ്രതിഷേധങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ബോഡി ക്യാമറ റെക്കോര്‍ഡിങ്ങുകള്‍, വീഡിയോകള്‍, വയര്‍ലെസ് ആശയവിനിമയ രേഖകള്‍, പി.സി.ആര്‍ രേഖകള്‍ എന്നിവ സുരക്ഷിതമായി സംരക്ഷിക്കണം.
- പ്രതിഷേധക്കാരുടെ ശേഖരിച്ച വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടാതെ തത്കാലം സുരക്ഷിതമായി സൂക്ഷിക്കണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.