മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായി മോഹന്‍ലാല്‍; പൃഥ്വിരാജ് ചിത്രം 'ഖലീഫ'യിലെ ഡബ്ബിങ് പൂര്‍ത്തിയായി; ചിത്രം ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡബ്ബിങ് നടൻ മോഹൻലാൽ പൂർത്തിയാക്കി. ലാലേട്ടനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന ശക്തമായ അതിഥി കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ പശ്ചാത്തലം പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ തന്നെയാകും നായകനായി എത്തുക. മോഹൻലാലിന്റെ സാന്നിധ്യം ഇതൊരു വലിയ യാത്രയുടെ തുടക്കം മാത്രമാണെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും സംവിധായകൻ വൈശാഖ് കുറിച്ചു. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മാസ് ആക്ഷൻ ത്രില്ലറായി 'ഖലീഫ'; മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ്
'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനായ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വൻ കാൻവാസിൽ ഒരുങ്ങുന്ന ഈ മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറിൽ ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും പവർ പാക്ക്ഡ് ആക്ഷനുകളും നിറഞ്ഞുനിൽക്കുമെന്നാണ് നേരത്തെ പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോ നൽകുന്ന സൂചന. 'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും കൈകോർക്കുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചത്.
താരനിരയും സാങ്കേതിക തികവും
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. തെലുങ്ക് താരം മാളവിക ശർമ്മ നായികയായി അരങ്ങേറുന്ന ചിത്രത്തിലെ "അസലായവളെ" എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോ എഡിറ്റിംഗും യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങളും ഒരുക്കുന്നു. ഓണം റിലീസായി 2026 ഓഗസ്റ്റ് 20-നാണ് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.