ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ ജീവിതം തകര്‍ത്തുകളഞ്ഞ ആ വലിയ ദുരന്തത്തിന് രണ്ട് വര്‍ഷം തികയുമ്പോള്‍, വയനാട്ടിലെ മനുഷ്യരുടെ സമാനതകളില്ലാത്ത ധീരതയ്ക്കും അതിജീവന ശേഷിക്കും മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. നമുക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കാനുള്ള പോരാട്ടത്തില്‍ അവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും തുടരുമെന്ന് പ്രിയങ്ക ഉറപ്പുനല്‍കി. ഹൃദയത്തില്‍ നികത്താനാകാത്ത നഷ്ടങ്ങളുടെ ആഴത്തിലുള്ള മുറിവുകളുമായി കഴിയുന്ന അവര്‍ക്ക് ആശ്വാസമേകാനും, അവരുടെ ഒപ്പം ഉറച്ചുനില്‍ക്കാനുമുള്ള പ്രതിബദ്ധത ഇതോടൊപ്പം പുതുക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
2024 ജൂലൈ 30-ന്റെ ആ കറുത്ത പുലരിയിലാണ്് 298 ജീവനുകള്‍ നഷ്ടപ്പെട്ട, ഇന്ത്യ കണ്ട ആ വലിയ ദുരന്തം സംഭവിച്ചത്. കാണാമറയത്തേക്ക് ഒലിച്ചുപോയ 32 പേര്‍ ഇന്നും ബന്ധുക്കളുടെ വിതുമ്പുന്ന ഓര്‍മ്മകളില്‍ ജീവിക്കുകയാണ്. ആ നടുക്കത്തിന് മായാത്ത രണ്ട് ആണ്ടിന്റെ ഓര്‍മ തികയുകയാണ്.
'വയനാടിന്റെ മുറിവുകള്‍ ഉണങ്ങും വരെ ഒപ്പമുണ്ടാകും, അതിജീവനപ്പോരാട്ടത്തിന് ആദരം': ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ പ്രിയങ്ക ഗാന്ധി എം.പി