കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം; വയോധികയുടെ ശരീരത്തില്‍ സൂചി കുടുങ്ങി
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. ആറന്മുള സ്വദേശിനിയായ വത്സല (68) എന്ന വയോധികയുടെ ശരീരത്തിലാണ് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചി ഒടിഞ്ഞുകുടുങ്ങിയത്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍, കഴിഞ്ഞ ദിവസം സൂചി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അത് പൂര്‍ണ്ണമായി വിജയിച്ചില്ല.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് പനിയും ചര്‍ദ്ദിലും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ഇടുപ്പില്‍ കുത്തിവെപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ഭാഗത്ത് നിരന്തരം വേദന അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യ ഘട്ടത്തില്‍ സാധാരണ വേദനയെന്ന് കരുതി കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന അസഹനീയമാവുകയും കുത്തിവെപ്പ് എടുത്ത സ്ഥലത്ത് നീര്‍ക്കെട്ടും പഴുപ്പും ഉണ്ടാവുകയും ചെയ്തു.
വേദന സഹിക്കാനാവാതെ നാല് ദിവസം മുമ്പ് വത്സല വീണ്ടും ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തി. തുടര്‍ന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിക്കിടക്കുന്ന വിവരം ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് സൂചി പുറത്തെടുക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാനായത്. ബാക്കി ഭാഗം ഇപ്പോഴും ശരീരത്തിനുള്ളില്‍ തന്നെ തുടരുകയാണ്.
അതേസമയം, ആശുപത്രിയില്‍ വെച്ച് കുത്തിവെപ്പ് നടത്തിയപ്പോള്‍ തന്നെയാണോ സൂചി കുടുങ്ങിയതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. കുത്തിവെപ്പിന് ഉപയോഗിക്കുന്ന തരത്തിലുള്ള സൂചിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് സമ്മതിക്കുമ്പോഴും, കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍, ഒരു വര്‍ഷം മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതല്ലാതെ മറ്റ് ആശുപത്രികളില്‍ ഒരിടത്തും തങ്ങള്‍ ചികിത്സയ്ക്ക് പോയിട്ടില്ലെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും വത്സലയും കുടുംബവും വ്യക്തമാക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.