തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയറേയും ഡെപ്യൂട്ടി മേയറെയും സിപിഎം കൗണ്‍സിലര്‍മാരെയും പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. ഇരു വിഭാഗത്തിനും എതിരെ കേസെടുത്തു കൊണ്ട് 2 എഫ്‌ഐആറുകളാണ് മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയിലാണ് മേയറും ഡെപ്യൂട്ടി മേയറും ഉള്‍പ്പെടെയുള്ള 19 ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തത്.
ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ് പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് സിപിഎം കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. കാപ്പാ കേസില്‍ ജയിലിലുള്ള സുഗതന്റെയും മേയറുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ മേയര്‍ അടക്കം ഇരു വിഭാഗത്തിലെയും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.19 പേര്‍ ചികിത്സ തേടിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തിനിടെ സിപിഎമ്മിന്റെ കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലപൊട്ടുകയും പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുഗതനെ സംരക്ഷിക്കുന്ന ബിജെപി നിലപാടില്‍ യുഡിഎഫും കടുത്ത പ്രതിഷേധത്തിലാണ്.
തിരുവനന്തപുരം നഗരസഭയിലെ കൂട്ടത്തല്ല്: ഇരുവിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്