സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം വിലപിച്ചിരുന്ന രണ്ടാം എൽഡിഎഫ് സർക്കാർ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം പരസ്യങ്ങൾക്കായി ചെലവിട്ടത് 284 കോടി രൂപ. പിണറായി വിജയൻ സർക്കാർ ഭരണം ഒഴിഞ്ഞതിനെ തുടർന്ന് നിലവിൽ വി.ഡി. സതീശൻ സർക്കാർ അധികാരത്തിലിരിക്കുന്ന സാഹചര്യത്തിലാണ്, മുൻ ഇടത് സർക്കാർ ഖജനാവ് ധൂർത്തടിച്ചതിന്റെ കൃത്യമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വഴിയരികിലെ പടുകൂറ്റൻ ഹോർഡിംഗുകൾ സ്ഥാപിക്കാൻ വേണ്ടി മാത്രം 7 കോടി 61 ലക്ഷം രൂപയാണ് മുൻ സർക്കാർ പൊടിച്ചത്. പോസ്റ്ററുകൾ അച്ചടിക്കുന്നതിനായി 2 കോടി 78 ലക്ഷം രൂപയും, ഇൻഫർമേഷൻ വീഡിയോകൾ നിർമ്മിക്കുന്നതിനായി 37.5 ലക്ഷം രൂപയും അനുവദിച്ചു. ഇതിനുപുറമേ, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനായി സ്വകാര്യ ഏജൻസികൾക്ക് 1.56 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.
ആകെ ചെലവഴിച്ച തുകയിൽ ഏറ്റവും വലിയ പങ്ക് പോയത് പത്ര പരസ്യങ്ങൾക്കാണ്. വിവിധ മാധ്യമങ്ങളിൽ നൽകിയ പത്ര പരസ്യങ്ങൾക്കായി മാത്രം മുൻ എൽഡിഎഫ് സർക്കാർ 161 കോടി രൂപയാണ് പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും നൽകിയത്. ഓരോ വിഭാഗത്തിനും എത്ര തുക വീതം ചെലവാക്കി എന്നതിന്റെ കൃത്യമായ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുണ്ട്. മുൻ യുഡിഎഫ് സർക്കാരിന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്തെ പരസ്യ ചെലവുകളേക്കാൾ എത്രയോ മടങ്ങാണ് കഴിഞ്ഞ രണ്ടാം എൽഡിഎഫ് സർക്കാർ ഇത്തരത്തിൽ ചെലവഴിച്ചത്.