കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന 'പ്രിയദര്‍ശിനി പദ്ധതി' വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിരാ ഗ്യാരണ്ടിയിലെ ഈ പദ്ധതി ചരിത്രനേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് ഭരണകൂടമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ 100 ദിവസങ്ങള്‍ കൊണ്ട് പദ്ധതി ഉണ്ടാക്കിയത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും യാത്രാസ്വാതന്ത്ര്യത്തിനൊപ്പം വലിയൊരു സാമ്പത്തിക ആശ്വാസവും ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ആദരവിന്റെയും പരിഗണനയുടെയും പ്രതീകമാണ് പ്രിയദര്‍ശിനി പദ്ധതിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.