വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അന്വേഷണം വേഗത്തിലാക്കാൻ SIT തീരുമാനം. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും .ഇന്ന് വടകരയിൽ ചേർന്ന SIT യുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ആദ്യ ലക്ഷ്യം .കോഴിക്കോട് റൂറൽ എസ്.പി, ടി. ഫറാഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ സംഘത്തിന്റെ പ്രവർത്തനം. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി, ടി. മനോഹരനാണ് അന്വേഷണ ചുമതല. വടകര സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ ഏഴ് പ്രമുഖ ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.
കേസിന്റെ മുൻകാല റിപ്പോർട്ടുകളും ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്നതിനൊപ്പം, വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട അന്വേഷണ രീതികളെക്കുറിച്ചുമുള്ള രൂപരേഖ ഉടൻ തയ്യാറാക്കാൻ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു എൽഡിഎഫിൻ്റെ ആരോപണം.
കേസന്വേഷണം ഇഴഞ്ഞതോടെ യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചു.പൊലീസ് ഹൈക്കോടതിയല്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ഇടത് സൈബർ ഗ്രൂപ്പുകളിലാണ് വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം വന്നതെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴി തിരിഞ്ഞു.ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് ആദ്യം സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്.എന്നാൽ ഇതിൽ തുടർ നടപടികളുണ്ടായില്ല. പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ കേസില്‍ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എം എല്‍ എ പാറയ്ക്കല്‍ അബ്ദുള്ള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി ജി പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്ക്കരമാണെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ് പി, ടി ഫറാഷ് നേരത്തെ വ്യക്തമാക്കിയിക്കുന്നുഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല.ഫോണുകളുടെ ശാസ്‌ത്രീയെ പരിശോധ ഫലം ലഭിച്ചാൽ കൂടുതൽ പേർ കേസിൽ പ്രതികളാകും.