ഭരണനിർവ്വഹണത്തിലെ താമസം മൂലം സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നത് തടയാൻ 5 പ്രധാന ഭരണപരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 'പ്ലാൻ സ്പേസ് 2.0', 'അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം' എന്നിവ നടപ്പിലാക്കും. വകുപ്പുകൾ അനുമതി നൽകുന്ന മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി തയ്യാറാക്കുകയും ചെയ്യും. ജീവിതസൗകര്യങ്ങളും വ്യവസായ അന്തരീക്ഷവും മെച്ചപ്പെടുത്താൻ കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും, തിരുവനന്തപുരത്ത് ബ്രഹ്മോസ് എയറോസ്‌പേസിനായി ബാക്കി നൽകാനുള്ള 90 ഏക്കർ ഭൂമി അനുവദിക്കുമെന്നും വിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കേസും ഡി.ജി.പിയുടെ സസ്പെൻഷനും
ലഹരിക്കേസിൽ അധ്യാപികമാർ ഉൾപ്പെട്ട സംഭവം അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 'ഓപ്പറേഷൻ തൂഫാൻ' വഴിയാണ് ഇത്തരം വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത് എന്നും ശക്തമായ തുടരന്വേഷണത്തിലൂടെ കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത് എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടിന്റെയും വ്യക്തമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലല്ല ഈ നടപടിയെന്നും കൃത്യമായ നിയമവഴികളിലൂടെ നീങ്ങിയതിനാലാണ് സി.എ.റ്റി (CAT) പോലും സസ്പെൻഷൻ സ്റ്റേ ചെയ്യാതിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
തദ്ദേശ വിഹിതവും വഖഫ് വിഷയവും
തദ്ദേശ സ്വയംഭരണ വകുപ്പിലേക്കുള്ള പ്ലാൻ വിഹിതം കുറച്ചിട്ടില്ലെന്നും തന്റെ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി, ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താമെന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കോടതി നിർദ്ദേശമനുസരിച്ച് മുന്നോട്ട് പോകുമെന്നും പറഞ്ഞു. കുണ്ടറ കസ്റ്റഡി മരണത്തിൽ ഹെപ്പറ്റൈറ്റിസ് രോഗബാധയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞെങ്കിലും പോലീസ് മർദ്ദനം നടന്നിട്ടുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സി.പി.എമ്മിനെതിരെയുള്ള വിമർശനം
സി.പി.എം സംസ്ഥാന നേതൃത്വത്തെ തള്ളുന്നതാണ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി റിപ്പോർട്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സി.പി.എം മതേതര മൂല്യങ്ങൾ തകർത്തുവെന്ന് സ്വന്തം കേന്ദ്രകമ്മിറ്റി തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഒരു കാര്യം തിരിച്ചറിയാൻ സി.പി.എമ്മിന് വർഷങ്ങൾ എടുക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.