തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ നേതൃയോഗങ്ങളില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശനം തുടരുന്നു. പാര്‍ട്ടി നേതൃത്വം അപ്പാടെ മാറണമെന്ന് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയില്‍നിന്നും മാറണമെന്നാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം.
പിണറായി വിജയനും എം.വി. ഗോവിന്ദനും ജനങ്ങളില്‍നിന്ന് അകന്നുവെന്നും, ആളുകളോട് മര്യാദപൂര്‍വ്വം പെരുമാറാതിരുന്നത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് കാരണമായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇരുവര്‍ക്കും പകരം പുതിയ ആളുകള്‍ വന്ന് പാര്‍ട്ടിക്ക് പുതിയൊരു മുഖം നല്‍കണമെന്നാണ് അംഗങ്ങളുടെ നിലപാട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍നിന്ന് പാര്‍ട്ടി പാഠം പഠിച്ചില്ലെന്നും, നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയം മുന്‍കൂട്ടി കാണാന്‍ പാര്‍ട്ടിയുടെ ഒരു ഘടകത്തിനും കഴിഞ്ഞില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി. തൃശൂരിലെ പാര്‍ട്ടിക്ക് ഈ തിരിച്ചടിയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ പരമ്പരാഗത ഗ്രാമങ്ങളുള്ള കണ്ണൂരില്‍ ഈ പ്രതിരോധം തകര്‍ന്നു. കണ്ണൂരിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍നിന്നുപോലും വോട്ടുകള്‍ കൂട്ടത്തോടെ എതിര്‍പാളയത്തിലേക്ക് ഒഴുകിപ്പോയെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം നാളെയും തുടരും.
ജനങ്ങളില്‍ നിന്ന് അകന്നു, മര്യാദപൂര്‍വ്വം പെരുമാറിയില്ല; പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി