പിണറായിക്ക് പാർട്ടി കാവൽ, ഇ.ഡിക്ക് നേരെ ആക്രമണം, പിന്നാലെ ഭയം; ഇ.ഡി റെയ്ഡിൽ സിപിഎമ്മിന്റെ സ്വാർത്ഥ രാഷ്ട്രീയ തന്ത്രം പുറത്ത്
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലും മകളുടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ വസതിയിലും നടന്ന ഇ.ഡി റെയ്ഡിനെ രാഷ്ട്രീയമായി തിരിച്ചുവിടാൻ സിപിഎം തീവ്രശ്രമം നടത്തുന്നു. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ നേരിട്ട ഈ കനത്ത പ്രഹരത്തെ യുഡിഎഫ് സർക്കാരിനെതിരെ തിരിക്കാനാണ് പാർട്ടി നീക്കം. പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുൽ ഗാന്ധിയുടെ പഴയ ചോദ്യവും, പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് തൊട്ടുപിന്നാലെ റെയ്ഡ് നടന്നതും കൂട്ടിവായിച്ച് കോൺഗ്രസ്-ബിജെപി വിരുദ്ധ പ്രചാരണം അഴിച്ചുവിടാനാണ് സി.പി.എം പദ്ധതിയെങ്കിലും, ഇത് പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന വിമർശനം ശക്തമാണ്.
പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴച്ചാൽ മാത്രം പാർട്ടി നിയമപരമായി നേരിടും; അല്ലാത്തപക്ഷം മകൾ ടി. വീണ തന്നെ സ്വന്തം നിലയ്ക്ക് കേസ് നേരിടട്ടെ എന്ന തികച്ചും സ്വാർത്ഥപരമായ നിലപാടിലാണ് നിലവിൽ സിപിഎം നേതൃത്വമുള്ളത്.
ലാവലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാതിരുന്നതും മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം മന്ദഗതിയിലായതും മുൻപ് സിപിഎം-ബിജെപി രഹസ്യ ധാരണയുടെ ഭാഗമാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാൽ, എട്ടര മണിക്കൂറോളം നീണ്ട ഇ.ഡി റെയ്ഡ് ചൂണ്ടിക്കാട്ടി ഈ 'ഡീൽ' ആരോപണത്തെ യുഡിഎഫിന് നേരെ തിരിച്ചുവിടാനാണ് സിപിഎം നോക്കുന്നത്. യുഡിഎഫ് ആരോപിച്ചതുപോലെ ഒരു ധാരണയുണ്ടെങ്കിൽ പിണറായിയുടെ രണ്ട് വീടുകളിലും റിയാസിന്റെ വീട്ടിലും ഇ.ഡി കയറുമോ എന്നാണ് പാർട്ടി ചോദ്യം. പുതിയ യുഡിഎഫ് സർക്കാരിന്റെ 'ഹണിമൂൺ പിരീഡിൽ' തന്നെ അവരെ പ്രതിക്കൂട്ടിലാക്കാൻ കിട്ടിയ ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ഇ.ഡി സംഘത്തിന് നേരെ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ കടുത്ത തുടർനടപടികൾ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. വീണയെ കൊച്ചി ഓഫീസിലേക്ക് വിളിപ്പക്കുമോ എന്നതാണ് ഇപ്പോൾ പ്രധാന ചോദ്യം. പ്രമുഖ വ്യക്തിയുടെ മകൾ ആയതുകൊണ്ടാണ് സിഎംആർഎൽ (CMRL) വീണയ്ക്ക് പണം നൽകിയതെന്ന ആദായനികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ പരാമർശം ഇ.ഡി ആയുധമാക്കുമോ എന്ന് സി.പി.എം ഭയപ്പെടുന്നുണ്ട്. പിണറായിയെ ലക്ഷ്യം വെച്ചാൽ മാത്രം പാർട്ടി രംഗത്തിറങ്ങുകയും, അല്ലാത്തപക്ഷം വീണയെ തനിച്ചാക്കി കൈകഴുകാനുമുള്ള സി.പി.എമ്മിന്റെ തന്ത്രം പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.