'രാഹുല്‍ ഗാന്ധിയുടേത് ചരിത്ര ദൗത്യം, ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ പോരാട്ടം': കെ.സി വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
September 06, 2022
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ, വിലക്കയറ്റം, സാമൂഹിക അസന്തുലിതാവസ്ഥ തുടങ്ങിയവയ്ക്കെതിരെയാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുവാൻ ഭാരത് ജോഡോ യാത്രയിലൂടെ സാധിക്കും. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ (സെപ്റ്റംബര്‍ 7) തുടക്കമാകും. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിരം പദയാത്രികരും അണിചേരും.
മഹാത്മാ ഗാന്ധിയുടെ സാന്നിധ്യവും പ്രവര്‍ത്തനമേഖലയും കൊണ്ട് ശ്രദ്ധേയമായ സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി സന്ദേശം സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ ചര്‍ക്ക ആശ്രമത്തിലെ അന്തേവാസികള്‍ അദ്ദേഹത്തിന് സമ്മാനിച്ചു. സെപ്റ്റംബര്‍ 7 ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരില്‍ എത്തി രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍ സ്മാരകം സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധി, വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കുചേരും.
യാത്രയില്‍ ഉടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ്ണ പതാക ഗാന്ധിമണ്ഡപത്തില്‍ നിന്ന് സ്വീകരിക്കും. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്ന പരിതസ്ഥിതി അതിദയനീയമാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ മേഖലയിലും ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് ഇങ്ങനെയൊരു പദയാത്ര നടത്തുന്നത്. ആറുമാസം കൊണ്ട് 3,500 ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗം കൂപ്പുകുത്തി. സാമ്പത്തിക അസമത്വം കൊടികുത്തി വാഴുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പത്തുണ്ടാക്കുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ്. സാമ്പത്തിക മേഖലയിലും വലിയ ചേരിതിരിവുണ്ടായി. കേന്ദ്ര സര്‍ക്കാരിന്‍റെ വികലമായ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തുവെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
"രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കയറ്റില്‍ ജനങ്ങളാകെ ദുരിതം പേറുകയാണ്. സാമൂഹിക അസന്തുലിതാവസ്ഥ വര്‍ധിച്ചു. രാജ്യവ്യാപകമായി ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മോദി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു. വര്‍ഗീയമായി ഭിന്നിപ്പിച്ച് ഭരിക്കുകയെന്നതാണ് ബിജെപിയുടെ തന്ത്രം. ജനങ്ങളില്‍ മതാന്ധത വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടത്തിന് കളമൊരുക്കുന്നു. അധികാര കേന്ദ്രീകരണത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച സര്‍ക്കാരാണിത്. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നു. രാഷ്ട്രീയ പ്രതിയോഗികളെ ഇ.ഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. മാധ്യമങ്ങള്‍ക്ക് പോലും നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇന്ന് ഇന്ത്യയിലുള്ളത്. മാധ്യമ അജണ്ട തീരുമാനിക്കുന്നത് പോലും കേന്ദ്രസര്‍ക്കാരാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച് ഒന്നും എഴുതാന്‍ കഴിയാത്ത സ്ഥിതിയിലെത്തി ദേശീയ മാധ്യമങ്ങള്‍. ബിജെപി സര്‍ക്കാരിന്‍റെ ഇത്തരം നടപടികള്‍ക്കെതിരെ ജനവികാരം രൂപീകരിക്കുകയെന്നതാണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷ്യമിടുന്നത്" - കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട കാലമാണിത്. ഭാരത് ജോഡോ യാത്ര കാശ്മീരില്‍ സമാപിക്കുമ്പോള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ ദുഷ്പ്രവണതകള്‍ക്കെതിരെ ജനങ്ങളുടെ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി പോരാടിയ കോണ്‍ഗ്രസ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം നടത്തുമ്പോള്‍ അതിനോടൊപ്പം ജനങ്ങള്‍ അണിചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ മാത്രം പരിപാടിയല്ല. കേന്ദ്രത്തിനെതിരെ യോജിക്കാവുന്ന എല്ലാവരും അണിചേരുന്ന പരിപാടിയാണിതെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10