ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ പി. ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകന്‍ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യനില വന്‍തോതില്‍ മോശമായിരുന്നു. 2024 മാര്‍ച്ചില്‍ മകന്‍ മനോജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ആ ആഘാതത്തില്‍ നിന്നും അദ്ദേഹത്തിന് പിന്നീട് മുക്തനാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും സാധാരണക്കാരായ മനുഷ്യരുടെ ഗ്രാമീണ ജീവിതത്തിലേക്ക് ഇറക്കിനടത്തിയ വിപ്ലവകാരിയായ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ തമിഴ് ചലച്ചിത്ര ലോകം അദ്ദേഹത്തെ 'ഇയക്കുനര്‍ ഇമയം'എന്ന് ആദരവോടെ വിളിച്ചു.
1977-ല്‍ പുറത്തിറങ്ങിയ '16 വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. കമല്‍ ഹാസന്‍, രജനീകാന്ത്, ശ്രീദേവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം തമിഴ് സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു. കിഴക്കേ പോകും റെയില്‍, സിഗപ്പു റോജകള്‍, നിഴല്‍ഗല്‍, അലൈകള്‍ ഓയ്വതില്ലൈ, മുതല്‍ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങി നാല്പതോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 2020-ല്‍ പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ഫീച്ചര്‍ ചിത്രം. ആമസോണ്‍ പ്രൈമിന്റെ 'മോഡേണ്‍ ലവ് ചെന്നൈ' എന്ന ആന്തോളജിയിലെ 'പറവൈ കൂട്ടില്‍ വാഴും മാനുകള്‍' എന്ന സെഗ്മെന്റാണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത്.
സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവായും അദ്ദേഹം തിളങ്ങി. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരന്‍, തിരുച്ചിറ്റമ്പലം, മഹാരാജ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ മോഹന്‍ലാല്‍ നായകനായ 'തുടരും' എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു. റിലീസാകാനുള്ള 'പുലവര്‍' ആണ് ഭാരതിരാജ അഭിനയിച്ച അവസാന ചിത്രം.
പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു; വിടവാങ്ങിയത് ഗ്രാമീണ ദൃശ്യവിസ്മയങ്ങളുടെ തമ്പുരാൻ