കോർപ്പറേഷനിലെ ബി.ജെ.പി ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നീക്കത്തിൽ അതിസൂക്ഷ്മം മാത്രം മുന്നോട്ട് പോയാൽ മതിയെന്ന് സി.പി.എം തിരുമാനം. എടുത്തുചാടി തീരുമാനമെടുത്ത് പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴരുതെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ബി.ജെ.പി ഭരണസമിതി അധികാരമേറ്റിട്ട് നിലവിൽ ആറുമാസം തികയുന്നതേയുള്ളൂ. ആദ്യ അവിശ്വാസ പ്രമേയം തന്നെ പരാജയപ്പെട്ടാൽ, അടുത്ത പ്രമേയം കൊണ്ടുവരാൻ വീണ്ടും ആറുമാസം കൂടി കാത്തിരിക്കേണ്ടി വരുമെന്ന രാഷ്ട്രീയ തിരിച്ചടിയാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫുമായി സഹകരിക്കാമെന്ന പരസ്യ നിലപാട് സ്വീകരിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടിക്കെതിരെ പാർട്ടിയിൽ അതൃപ്തി പുകയുകയാണ്. നയപരമായ കാര്യങ്ങളിൽ പോലും പാർട്ടിയോട് ആലോചിക്കാതെയാണ് ശിവൻകുട്ടി പ്രതികരിക്കുന്നതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പരാതി. ഇതേത്തുടർന്നാണ് അവിശ്വാസ വിഷയത്തിൽ ശിവൻകുട്ടിയെ പരസ്യമായി തിരുത്തിക്കൊണ്ട് ജില്ലാ സെക്രട്ടറി വി. ജോയിയും കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കും രംഗത്തെത്തിയത്. പാർട്ടിയോട് ആലോചിക്കാതെയുള്ള ഇത്തരത്തിലുള്ള പ്രതികരണങ്ങൾ വിലക്കണമെന്ന് ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളാണ് ഇതോടെ വീണ്ടും രൂക്ഷമായിരിക്കുന്നത്. എം.എൽ.എയായ വി. ജോയിക്ക് പകരം വി. ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് ജോയിക്ക് തന്നെ പദവി ലഭിച്ചത്. ഇതിനുശേഷം പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന ശിവൻകുട്ടിയുടെ പുതിയ നീക്കം വിഭാഗീയത വർദ്ധിപ്പിച്ചിരിക്കുകയാണ്. നിലവിൽ കാപ്പ (KAAPA) കേസിൽ കരുതൽ തടങ്കലിലായ ബി.ജെ.പി കൗൺസിലർ സുഗതൻ കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട നിയമനടപടികളും കോടതിയുടെ പരിഗണനയിലാണ്.