തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക വിധി. ഇതോടെ ബിജെപിയുടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കപ്പെട്ടത്. ഈ അംഗങ്ങൾ എല്ലാവരും വരും ദിവസങ്ങളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട കൗൺസിലർമാർക്ക് നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ കൗൺസിലർമാർ നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. സിപിഎം കൗൺസിലറായ എസ്.പി. ദീപക് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കണമെന്നായിരുന്നു ഹർജിക്കാരനായ എസ്.പി. ദീപക്കിന്റെ പ്രധാന ആവശ്യം. എന്നാൽ, അംഗങ്ങളെ അയോഗ്യരാക്കാൻ തയ്യാറാകാതിരുന്ന ഹൈക്കോടതി, നിലവിലെ സത്യപ്രതിജ്ഞ അസാധുവാക്കുകയും നിശ്ചിത സമയത്തിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കാൻ ബിജെപി അംഗങ്ങളോട് ആവശ്യപ്പെടുകയുമാണുണ്ടായത്.