മുൻ സർക്കാരിന്റെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയാണ് തങ്ങൾ അധികാരത്തിൽ വന്നതെന്നും, പ്രഖ്യാപിച്ച പദ്ധതികളെല്ലാം കൃത്യമായ ആത്മവിശ്വാസത്തോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മേൽ അമിത നികുതിഭാരം കെട്ടിവയ്ക്കാതെ തന്നെ ഈ സർക്കാർ സംസ്ഥാന ഖജനാവ് നിറയ്ക്കുമെന്നും, കാലഹരണപ്പെട്ട ശൈലി മാറ്റിവെച്ച് ഭാവി കേരളത്തെ പടുത്തുയർത്താൻ ദിശാബോധം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനവും ഈ സർക്കാർ സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പിച്ചു പറഞ്ഞു. കൃത്യമായ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച് കെ.എസ്.ഇ.ബി (KSEB), സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷനെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കരിമണൽ മേഖല സ്വകാര്യവൽക്കരിക്കുമെന്ന് ബജറ്റിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ കാര്യത്തിൽ സർക്കാരിന് യാതൊരു വാക്കുമാറ്റമോ യൂടേണോ ഇല്ല. കെ.എം.എം.എൽ (KMML), കെൽട്രോൺ, ടൈറ്റാനിയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ കരിമണലിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
' സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിനായി 'നിയോ കേരള മോഡൽ' ആണ് സർക്കാർ ലക്ഷ്യമിടുന്നത്. പറ്റാവുന്ന എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം വരണമെന്നാണ് സർക്കാരിന്റെ നയം. സാധാരണക്കാരായ പ്രവാസികളെക്കൂടി നിക്ഷേപകരാക്കി മാറ്റിക്കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കും. ഒരു നിക്ഷേപകനും നിരാശനായി കേരളത്തിൽനിന്ന് മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സർക്കാരിന്റെ നയം എന്തെന്ന് കൃത്യമായി സഭയെ അറിയിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന് സ്പീക്കറും ഈ സമയത്ത് ചൂണ്ടിക്കാട്ടി. തീരദേശവാസികളായ മത്സ്യത്തൊഴിലാളികളെ സർക്കാർ എപ്പോഴും ചേർത്തുനിർത്തുമെന്നും വന്യജീവി ആക്രമണം കുറയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുൻ സർക്കാരിന്റെ ധനമാനേജ്‌മെന്റ് വരുത്തിവെച്ച വലിയ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും മുഖ്യമന്ത്രി സഭയിൽ സംസാരിച്ചു. പെൻഷൻ കമ്പനിയുടെ മാത്രം കടം 17,175 കോടി രൂപയാണ്. ഈ ഭാരമെല്ലാം വന്ന് വീണിരിക്കുന്നത് നിലവിലെ സർക്കാരിന്റെ തലയിലാണ്. കഴിഞ്ഞ 16 മാസത്തെ വലിയ ബാധ്യത തീർക്കേണ്ട ഉത്തരവാദിത്വം ഈ സർക്കാരിനുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാദമായ പിഎം ശ്രീ (PM-SHRI) പദ്ധതിയിൽ എന്തിനാണ് ഒപ്പുവെച്ചതെന്ന് വ്യക്തമാക്കാൻ മുൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
പ്രസംഗത്തിനിടയിൽ ബിജെപി അംഗങ്ങൾക്കെതിരെയും മുഖ്യമന്ത്രി രൂക്ഷമായ കടന്നാക്രമണം നടത്തി. രണ്ട് മുതിർന്ന അംഗങ്ങളെ പിൻനിരയിൽ ഇരുത്തിയിട്ടാണ് ഗോപകുമാർ മുന്നിലിരിക്കുന്നതെന്ന് ഓർക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ പാർട്ടിയെയും മുന്നണിയെയും കുറിച്ച് ആര് എന്ത് അനാവശ്യം പറഞ്ഞാലും അതിന് കൃത്യമായ മറുപടി നൽകിയിരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി.