2026-ലെ പുതിയ പെട്രോളിയം വിതരണ ചട്ടപ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് തേടി സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര സർക്കാരിന് കത്തയച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് അയച്ച കത്തിലാണ് കേരളം ഈ ആവശ്യം മുന്നോട്ടുവെച്ചത്. കാർഷിക മേഖല, ആശുപത്രികൾ തുടങ്ങിയ അവശ്യ വിഭാഗങ്ങൾക്ക് പുതിയ ചട്ടങ്ങളിൽ നിന്ന് താൽക്കാലിക ഇളവ് അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
പെട്രോളിയം ഉൽപ്പന്നങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള 'പെസോ' (PESO) അംഗീകൃത കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവ് നിലവിൽ വിപണിയിലുണ്ട്. ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നത് വരെ പുതിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്രം തയ്യാറാകണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളിലെ ജനറേറ്ററുകൾ, മറ്റ് അടിയന്തര മെഡിക്കൽ സംവിധാനങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ അളവിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതുണ്ട്.
നിലവിലെ പുതിയ നിയമപ്രകാരം ഒരു വ്യക്തിഗത ഉപഭോക്താവിനും വാഹനത്തിനും പ്രതിദിനം വിതരണം ചെയ്യാവുന്ന പെട്രോളിന്റെ അളവ് പരമാവധി 200 ലിറ്ററായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. വലിയ തോതിൽ ഇന്ധനം ആവശ്യമുള്ള ആശുപത്രി സംവിധാനങ്ങൾക്കും കാർഷിക മേഖലയ്ക്കും ഈ നിയന്ത്രണം വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വിഷയത്തിന്റെ അടിയന്തര സ്വഭാവവും പൊതുപ്രാധാന്യവും കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും, പൊതുജനക്ഷേമവും അവശ്യ സേവനങ്ങളുടെ വിശാല താൽപ്പര്യവും മുൻനിർത്തി പ്രശ്നത്തിന് അനുകൂലമായ പരിഗണന നൽകണമെന്നും മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.