എൻ.ഡി.എക്കൊപ്പമുള്ളവരുടെ ജന്മദിനം നമ്മളെന്തിനാണ് ആഘോഷിക്കുന്നത്?'; എൻ.സി.പിയിൽ പോര് മുറുകുന്നു; പി.സി. ചാക്കോയ്ക്കെതിരെ ആഞ്ഞടിച്ച് എ.കെ. ശശീന്ദ്രൻ
എൻ.സി.പി. പി.സി. ചാക്കോ വിഭാഗം എറണാകുളത്ത് നടത്താനിരിക്കുന്ന ജന്മദിന സമ്മേളനം യുക്തിക്ക് നിരക്കുന്നതല്ലെന്നും ഈ മാസം 10-ന് നടക്കുന്ന സമ്മേളനത്തിൽ താൻ പങ്കെടുക്കില്ലെന്നും മുതിർന്ന എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രൻ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമാക്കിയത്. പി.സി. ചാക്കോ പ്രവർത്തകരെ ബി.ജെ.പിയോടുള്ള മൃദുസമീപനത്തിലേക്ക് നയിക്കുകയാണെന്നും, നിലവിൽ യഥാർത്ഥ എൻ.സി.പി അജിത് പവാർ നയിക്കുന്നതാണെന്നും അദ്ദേഹം തുറന്നടിച്ചു.
ദേശീയതലത്തിൽ എൻ.ഡി.എ സഖ്യത്തോട് ചേർന്ന് നിൽക്കുന്നവരുടെ ജന്മദിനം കേരളത്തിൽ നമ്മൾ എന്തിനാണ് ആഘോഷിക്കുന്നതെന്ന് ശശീന്ദ്രൻ ചോദിച്ചു. പി.എം. സുരേഷ് ബാബുവിനെ എൻ.സി.പി (എസ്) പ്രസിഡന്റാക്കിയത് ചാക്കോയുടെ പുതിയ നീക്കങ്ങളുടെ ഭാഗമാണ്. സാധാരണ പ്രവർത്തകർ അറിയാതെ പുതിയൊരു രാഷ്ട്രീയ ശൈലി അവരിൽ കുത്തിക്കയറ്റാനാണ് പി.സി. ചാക്കോ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ പുതിയ പാർട്ടി രൂപീകരിക്കണമെന്ന അഭിപ്രായം പല കോണുകളിൽ നിന്നും വന്നിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സമയം നൽകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
പാർട്ടിയിൽ തർക്കങ്ങൾ രൂക്ഷമാണെങ്കിലും സമവായത്തിനുള്ള വാതിലുകൾ പൂർണ്ണമായി കൊട്ടിയടക്കാൻ താൻ തയ്യാറല്ലെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. ദേശീയ നേതൃത്വം ഇടപെട്ട് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.സി. ചാക്കോയുടെ സമീപകാല തീരുമാനങ്ങൾ എൽ.ഡി.എഫ് നേതൃത്വം വളരെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. തന്റെ രാഷ്ട്രീയം എപ്പോഴും എൽ.ഡി.എഫിനൊപ്പമാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും എ.കെ. ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.