വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ നിരാകരിച്ചത്. കേസിൽ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ ഇന്നലെത്തന്നെ പൂർത്തിയായിരുന്നു.
ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ശക്തമായി എതിർത്തു. വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ട് വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് സാമൂഹിക മാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.