Logo
Mon, Aug 31, 2026 • 05:55 PM
LIVE TV
Watch

No business videos available

No Middle East videos available

ഏഷ്യൻ ഗെയിംസിൽ ബിസിസിഐയുടെ അതൃപ്തി; താമസപ്രശ്നത്തിൽ വ്യക്തത വരുത്തി സംഘാടകർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 31, 2026
1 min read
SHARE:
SAVE: Login to save

ഏഷ്യൻ ഗെയിംസിൽ ബിസിസിഐയുടെ അതൃപ്തി; താമസപ്രശ്നത്തിൽ വ്യക്തത വരുത്തി സംഘാടകർ

നഗോയ (ജപ്പാൻ): ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസൗകര്യവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ. ഗെയിംസിനായി രജിസ്റ്റർ ചെയ്ത 17,000ത്തിലധികം കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും അനുയോജ്യമായ താമസസൗകര്യം ഇതിനകം ഉറപ്പാക്കിയതായി ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് സംഘാടകരും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും അറിയിച്ചു.

കായികതാരങ്ങളുടെ എണ്ണം പ്രതീക്ഷിച്ചതിലും ഗണ്യമായി വർധിച്ചതിനെത്തുടർന്ന് താമസസൗകര്യവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിട്ടതായി സംഘാടകർ നേരത്തെ സമ്മതിച്ചിരുന്നു. താമസസൗകര്യങ്ങളിലെ പോരായ്മകളിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ഏഷ്യൻ ഗെയിംസിലേക്ക് 'ബി' ടീമിനെ അയക്കുന്ന കാര്യം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

നഗരത്തിലെ ഹോട്ടലുകളിൽ താമസിച്ച് ബുള്ളറ്റ് ട്രെയിനിൽ മത്സരവേദികളിലേക്ക് യാത്ര ചെയ്യുക, ക്രൂയിസ് കപ്പലിൽ താമസിക്കുക, പ്രത്യേകമായി ഒരുക്കിയ താത്കാലിക മുറികളിൽ കഴിയുക എന്നിവയായിരുന്നു താരങ്ങൾക്ക് മുന്നിലുണ്ടായിരുന്ന പ്രധാന താമസ ഓപ്ഷനുകളെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ സംഘങ്ങൾ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായി.

എന്നാൽ താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജൂലൈയിൽ 'എൻട്രി ബൈ നെയിം' രജിസ്ട്രേഷൻ അവസാനിക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത 17,000ത്തിലധികം വരുന്ന എല്ലാ കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഗെയിംസിന് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചു.

അസാധാരണ സാഹചര്യങ്ങളിലൊഴികെ ഇനി കൂടുതൽ രജിസ്ട്രേഷനുകൾ അനുവദിക്കില്ലെന്നും ഗെയിംസിന്റെ അന്തിമ ഒരുക്കങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും സംഘാടകർ വ്യക്തമാക്കി.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് നടക്കുന്നത്. നഗോയയിലും ഐച്ചി മേഖലയിലെ വിവിധ വേദികളിലുമായി നടക്കുന്ന ഗെയിംസിൽ ഏകദേശം 11,000 കായികതാരങ്ങളും 6,000 ഒഫീഷ്യലുകളും ഉൾപ്പെടെ 17,000ത്തിലധികം പേർ പങ്കെടുക്കും.

പരമ്പരാഗത രീതിയിലുള്ള ഒരു ഗെയിംസ് വില്ലേജ് ഇത്തവണ ഒരുക്കിയിട്ടില്ലെന്നതാണ് താമസസൗകര്യങ്ങളെക്കുറിച്ചുള്ള പ്രധാന ആശങ്കകൾക്ക് കാരണമായത്. ഹോട്ടലുകൾ, നഗോയയിൽ ഒരുക്കിയ താത്കാലിക മുറികൾ, 'കോസ്റ്റ സെറീന' എന്ന ക്രൂയിസ് കപ്പൽ എന്നിവ ഉൾപ്പെടുന്നതാണ് ഗെയിംസിനായുള്ള താമസസൗകര്യങ്ങൾ.

കരാർ പ്രകാരം ആദ്യം 15,000 പേർക്കുള്ള താമസസൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരുന്നതെന്നും എന്നാൽ പ്രതീക്ഷിച്ചതിലും ഉയർന്ന പങ്കാളിത്തമാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ഐച്ചി പ്രവിശ്യാ ഗവർണറും സംഘാടക സമിതി തലവനുമായ ഹിഡയാക്കി ഒഹ്‌മുറ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായുള്ള സംഘാടകരുടെ പ്രഖ്യാപനത്തോടെ ഗെയിംസിന് മുന്നോടിയായുള്ള പ്രധാന ആശങ്കകളിലൊന്നിന് പരിഹാരമായിരിക്കുകയാണ്.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10