നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലുത്; ഹൈദരാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പദ്ധതിയുമായി തെലങ്കാന
ഹൈദരാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കാൾ കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം ഹൈദരാബാദിൽ നിർമിക്കാൻ തെലങ്കാന സർക്കാർ. തെലങ്കാന സർക്കാരും ബിസിസിഐയും സംയുക്തമായാണ് വമ്പൻ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഭാവിതലമുറയെ ലക്ഷ്യമിട്ട് തെലങ്കാന സർക്കാർ വിഭാവനം ചെയ്യുന്ന ‘ഭാരത് ഫ്യൂച്ചർ സിറ്റി’ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും അത്യാധുനിക സ്റ്റേഡിയം നിർമിക്കുക. അഹമ്മദാബാദിലെ 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലിയ ശേഷിയിലും ആധുനിക സൗകര്യങ്ങളോടെയുമാണ് പുതിയ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി യാഥാർഥ്യമായാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നേട്ടം ഹൈദരാബാദിന് സ്വന്തമാകുമെന്നാണ് പ്രതീക്ഷ. ഏകദേശം 100 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. വരുന്ന ഡിസംബറിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പദ്ധതിക്ക് തറക്കല്ലിടുമെന്നാണ് റിപ്പോർട്ടുകൾ.
വെറുമൊരു ക്രിക്കറ്റ് വേദി എന്നതിലുപരി, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ കായിക മത്സരങ്ങൾക്കും വലിയ പരിപാടികൾക്കും ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ് സ്പോർട്സ് കോംപ്ലക്സായാണ് സ്റ്റേഡിയം വിഭാവനം ചെയ്യുന്നത്. ഇതിനായി ഭാരത് ഫ്യൂച്ചർ സിറ്റിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ നിർമാണച്ചെലവും ഭാവിയിലെ അറ്റകുറ്റപ്പണികളും പൂർണമായും ബിസിസിഐ വഹിക്കുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ നൽകും. സ്റ്റേഡിയത്തിന്റെ പ്രവർത്തനവും പരിപാലനവും പിന്നീട് സംസ്ഥാന സർക്കാരും ബിസിസിഐയും സംയുക്തമായി നിയന്ത്രിക്കും.
യാത്രാസൗകര്യത്തിനും പ്രത്യേക പരിഗണന നൽകിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഔട്ടർ റിങ് റോഡ്, നിർദിഷ്ട റീജിയണൽ റിങ് റോഡ്, ഫ്യൂച്ചർ സിറ്റിയിലേക്കുള്ള നിർദിഷ്ട മെട്രോ റെയിൽ വിപുലീകരണം, ശംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് സമീപമായിരിക്കും സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തുക. ഇതുവഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമെത്തുന്ന കാണികൾക്കും താരങ്ങൾക്കും മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനാകും.
നിലവിൽ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് വലിയ അന്താരാഷ്ട്ര മത്സരങ്ങളും ലോകകപ്പ് മത്സരങ്ങളും നടത്തുന്നതിന് ആവശ്യമായത്ര കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലെന്ന വിലയിരുത്തലാണ് പുതിയ പദ്ധതിക്ക് പിന്നിൽ. ഹൈദരാബാദിന്റെ ഭാവിയിലെ കായിക ആവശ്യങ്ങൾ മുന്നിൽക്കണ്ട് ലോകോത്തര ക്രിക്കറ്റ് വേദി ഒരുക്കുകയാണ് തെലങ്കാന സർക്കാരിന്റെ ലക്ഷ്യം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.