തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഡല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയ വിജയ്യെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ സ്വീകരിച്ചു.
നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി വിജയ് ദില്ലിയിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ ദില്ലി സന്ദര്‍ശനമാണിത്. ആദ്യ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
ഇക്കുറി വിജയ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും സന്ദര്‍ശിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ), കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാന സ്ഥാനം നല്‍കിയതും ശ്രദ്ധ നേടിയിരുന്നു. കൂടാതെ, മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യം നല്‍കുകയും സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുകയും ചെയ്തിരുന്നു.
ദില്ലിയില്‍ മൂന്ന് ദിവസം തുടരുന്ന വിജയ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനവും ക്ഷേമപദ്ധതികളും സംബന്ധിച്ച വിഷയങ്ങള്‍ അദ്ദേഹം യോഗത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയ വിജയ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുലിനെയും സോണിയയെയും കണ്ട് വിജയ്; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ രണ്ടാം ഡല്‍ഹി സന്ദര്‍ശനം